ഹൈദരാബാദിൽ ഡോക്ടർ പ്രവീൺ കൊഡൂരു തന്‍റെ പുതിയ ടെസ്‌ല മോഡൽ വൈ കാറിന് പരമ്പരാഗതമായ വാഹന പൂജ നടത്തി. ഇന്ത്യൻ സംസ്കാരത്തിൽ ഈ പൂജയാണ് ഏറ്റവും വലിയ സുരക്ഷാ സർട്ടിഫിക്കറ്റ് എന്ന് അദ്ദേഹം അവകാശപ്പെട്ടതോടെ, പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഹൈദരാബാദ്: ഹൈദരാബാദിൽ തന്‍റെ പുതിയ ടെസ്‌ല മോഡൽ വൈ കാറിന് പരമ്പരാഗതമായ വാഹന പൂജ നടത്തുന്ന ഉടമയുടെ ചിത്രങ്ങൾ വൈറൽ. ആചാരപരമായ ഈ പൂജയില്ലാതെ ഒരു കാറിനും ഇന്ത്യൻ സംസ്കാരത്തിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിക്കില്ലെന്നാണ് ഇദ്ദേഹത്തിന്‍റെ അവകാശവാദം. ഡോക്ടർ പ്രവീൺ കൊഡൂരു ആണ് തന്‍റെ ചുവന്ന ടെസ്‌ല കാർ അലങ്കരിച്ച് ക്ഷേത്രത്തിന് പുറത്ത് പൂജ നടത്തുന്ന ചിത്രങ്ങൾ എക്‌സിൽ പങ്കുവെച്ചത്. ടയറുകളിൽ കുങ്കുമം പൂശിയ നിലയിലും കുടുംബാംഗങ്ങൾ ഉത്സവ വേഷത്തിൽ ക്ഷേത്ര കവാടത്തിൽ നിൽക്കുന്നതും ചിത്രങ്ങളിലുണ്ട്.
വാഹന പൂജ സുരക്ഷാ സർട്ടിഫിക്കറ്റ്
"ഇന്ത്യൻ സംസ്കാരത്തിൽ ഒരു വാഹന പൂജ നടത്താതെ ടെസ്‌ല ഉൾപ്പെടെ ഒരു കാറിനും ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിക്കില്ല" എന്ന് അദ്ദേഹം കുറിച്ചു. ഇലോൺ മസ്‌കിനെയും ടെസ്‌ല ഇന്ത്യയെയും അദ്ദേഹം തന്‍റെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. കൊഡൂരുവിന്റെ പോസ്റ്റിനോട് ഉപയോക്താക്കൾ വലിയ താൽപര്യത്തോടെ പ്രതികരിച്ചു. ഒരാൾ, "തീർച്ചയായും, ഇത് സുരക്ഷയുടെ ആത്യന്തിക പര്യായമാണ്" എന്ന് അഭിപ്രായപ്പെട്ടു. മറ്റൊരു ഉപയോക്താവ്, "ഇന്ത്യയിൽ, വാഹന പൂജയാണ് ആത്യന്തികമായ ക്രാഷ് ടെസ്റ്റ് സർട്ടിഫിക്കേഷൻ," എന്നും കുറിച്ചു.
ടെസ്‌ലയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡൽ വൈ കാറുകളുടെ ഓൺ-റോഡ് വില 61 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് കമ്പനി ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. മോഡൽ വൈയുടെ റിയർ-വീൽ-ഡ്രൈവ് വേരിയന്‍റിന് 59.89 ലക്ഷം രൂപയും, ലോംഗ്-റേഞ്ച് റിയർ-വീൽ-ഡ്രൈവ് മോഡലിന് 67.89 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. വൻ സുരക്ഷ സംവിധാനങ്ങളാണ് ടെസ്‍ല കാറിലുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


