സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ 460 രൂപയുടെ ഇടിവ് രേഖപ്പെടുത്തി ഒരു പവന് 86,560 രൂപയായി. വില കുറഞ്ഞെങ്കിലും, വർധിച്ചുവരുന്ന ഡിമാൻഡും ആഗോള ഘടകങ്ങളും കാരണം സ്വർണവില ഉയർന്ന തലത്തിൽ തുടരുകയാണ്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 86,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപ നൽകണം. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 460 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു ഘട്ടത്തിൽ പവന് 90,000 രൂപയിലെത്തുമെന്ന് തോന്നിച്ചിരുന്ന സ്വർണവില ഇപ്പോൾ വീണ്ടും കുറയുകയാണ്.
ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, സ്വർണവില നിലവിൽ ഏറ്റവും ഉയർന്ന നിരക്കിലാണ്. വില കുറയുമ്പോൾ സ്വർണം വാങ്ങാമെന്ന പ്രതീക്ഷ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണത്തിന്‍റെ വർധിച്ചുവരുന്ന ഡിമാന്‍റാണ് വില കുതിക്കുന്നതിന്‍റെ പ്രധാന കാരണം. ഓരോ ദിവസവും കഴിയുന്തോറും ഡിമാന്‍റ് കൂടുന്നത് വില വർധനവിന് ആക്കം കൂട്ടുന്നു.
ഇന്ത്യയിൽ സ്വർണത്തിന് സാംസ്കാരികമായും സാമ്പത്തികമായും വലിയ പ്രാധാന്യമാണുള്ളത്. വിവാഹങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ ആഘോഷവേളകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ സ്വർണം, രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു നിക്ഷേപമാർഗ്ഗം കൂടിയാണ്. എന്നാൽ, ആഗോള വിപണികളിലെ മാറ്റങ്ങൾക്കനുസരിച്ച് ഇവിടെ സ്വർണ്ണവിലയിൽ നിരന്തരം ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്.
സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങൾ
ഇന്ത്യയിലെ സ്വർണവില ദിനംപ്രതി നിർണ്ണയിക്കുന്നതിൽ പ്രധാനമായും നാല് സുപ്രധാന ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അന്താരഷ്ട്ര സ്വര്‍ണ വിലയാണ്. യുഎസ് ഡോളർ, ബോണ്ട് വരുമാനം, ലോകമെമ്പാടുമുള്ള സാമ്പത്തിക അസ്ഥിരത, കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് നയങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയെല്ലാം ലോകമെമ്പാടുമുള്ള സ്വർണ്ണത്തിന്റെ ആവശ്യകതയെയും, അതുവഴി വിലയെയും ബാധിക്കുന്നു. ആഗോള വിപണിയിൽ വില ഉയരുമ്പോൾ അത് സ്വാഭാവികമായും ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. കൂടാതെ വിനിമയ നിരക്കിലെ വ്യതിയാനം, ഇറക്കുമതി തീരുവ, നികുതികളും സെസ്സുകളും സ്വർണ വിലയെ ബാധിക്കും.


