Asianet News MalayalamAsianet News Malayalam

ബിഹാറിൽ നിർണായകദിനം: നിതീഷ് എൻഡിഎ പാളയം വിട്ടേക്കും? തീരുമാനിക്കാൻ യോഗം; 'മഹാരാഷ്ട്ര തന്ത്രം' പയറ്റുമോ ബിജെപി

മഹാരാഷ്ട്രയിലെ പോലെ എം എൽ എമാരെ അടർത്തിയെടുക്കാനുള്ള ശ്രമവും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടെന്നതാണ് സൂചന. ജെഡിയുവിന്‍റെ ചില എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്

crucial day for bihar, nitish kumar calls mla meeting today, live updates
Author
Patna, First Published Aug 9, 2022, 12:36 AM IST

പാറ്റ്ന: ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും. ബി ജെ പിയുമായുള്ള പോര് കനക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ എന്‍ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെ നിതീഷ് ഇപ്പുറത്ത് എത്തിയേക്കുമെന്നതടക്കമുളള വിലയിരുത്തലുകളാണ് പലയിടത്തും ഉയർന്നിട്ടുള്ളത്. എന്തായാലും ഇക്കാര്യത്തിൽ ഇന്ന് ഒരു പക്ഷേ തീരുമാനമുണ്ടായേക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കാനും തീരുമാനമെടുക്കാനുമായി മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പാർട്ടി എം എൽ എമാരോടെയും നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.

ബിഹാറിൽ ഭരണം മാറുമോ? നിതീഷ് എൻഡിഎ വിട്ടേക്കുമെന്ന സൂചന ശക്തം; നിർണായക നീക്കത്തിന് ബിജെപി, കരുതലോടെ ആർജെഡി

ഇന്നലെയാണ് മുഴുവന്‍ പാ‍ർട്ടി എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്നയിലെത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചത്. ഈ യോഗത്തിൽ നി‍ർണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. പാറ്റ്നയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച പാർട്ടി പ്രതിനിധികളുടെ യോഗത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. എൻ ഡി എ സഖ്യം തുടരുമോയെന്നതിലടക്കമുള്ള തീരുമാനം യോഗത്തിലെടുക്കുമെന്നാണ് ജെ ഡി യു നേതാക്കൾ നല്‍കുന്ന സൂചന. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിനിൽക്കുന്നത്.

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാർ വൈകാതെ ദില്ലിയിലെത്തി കൂടികാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബിഹാറിലെ സ്ഥിതിഗതികളിൽ ചാടി കയറി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആർ ജെ ഡി നേതൃത്വം. നിതീഷ് കുമാറിന്‍റെ നീക്കമെന്തെന്ന് വ്യക്തമായ ശേഷം പ്രതികരിക്കാമെന്നാണ് ആർ ജെഡി നേതാക്കൾ പറയുന്നത്.

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യത്തിൽ മത്സരിച്ച ജെ ഡി യുവിന് വലിയ നഷ്ടമാണ് സംഭവിച്ചത്. സംസ്ഥാന ഭരണത്തിന് പതിറ്റാണ്ടായി നേതൃത്വം നൽകിയിട്ടും തെരഞ്ഞെടുപ്പിൽ 45 സീറ്റുകളില്‍ മാത്രമാണ് നിതീഷിനും കൂട്ടർക്കും വിജയിക്കാനായത്. ബി ജെ പിയാകട്ടെ 77 സീറ്റുകൾ നേടി കരുത്ത് കാട്ടി. എങ്കിലും ഭരണം നിലനിർത്താനായി നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആർ ജെ ഡിക്ക് 80 ഉം കോൺഗ്രസിന് 19 ഉം എം എല്‍ എമാരാണുള്ളത്. അതുകൊണ്ടുതന്നെ ഭരണസാധ്യത നിതീഷിന് ഇപ്പോഴുമുണ്ട്.

ബിജെപിയുമായി അകലുന്നുവോ; രണ്ടാംതവണയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്ന് നിതീഷ് കുമാർ

കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാർ പങ്കെടുക്കാതിരുന്നതോടെയാണ് എൻ ഡി എയിൽ നിന്ന് പുറത്തേക്കെന്ന സൂചനകൾ ശക്തമാക്കിയത്. മുതിർന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആർസിപി സിംഗ് ബി ജെ പിയോടടുത്തതടക്കമുള്ള കാര്യങ്ങൾ നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും , രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്‍റെ ആവശ്യം ബി ജെ പി നേരത്തെ തള്ളിയിരുന്നു. എന്നാലും അവസാനവട്ട അനുനയമെന്ന നിലക്ക് ബി ജെ പി നേതാക്കൾ നിതീഷ് കുമാറുമായി ബന്ധപ്പെടുന്നുണ്ട്. അതേസമയം തന്നെ മഹാരാഷ്ട്രയിലെ പോലെ എം എൽ എമാരെ അടർത്തിയെടുക്കാനുള്ള ശ്രമവും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടെന്നതാണ് സൂചന. ജെഡിയുവിന്‍റെ ചില എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്, ആർ ജെ ഡി കക്ഷികളില്‍ നിന്ന് കൂടി ഏതാനും പേരെ പുറത്തെത്തിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ ആർ ജെ ഡിയും ഇന്ന് യോഗം ചേരും.

Follow Us:
Download App:
  • android
  • ios