കഴിച്ചതിന്‍റെ പണം നൽകാതിരിക്കാനുള്ള നാടകമാണെന്ന് ഹോട്ടലുടമ. സിസിടിവി ദൃശ്യം പുറത്തുവിട്ടു.
ഗൊരഖ്പൂർ: വെജ് ബിരിയാണിയിൽ നിന്ന് എല്ലിൻ കഷ്ണം കിട്ടിയെന്ന് ആരോപിച്ച് ഹോട്ടലിൽ സംഘർഷം. യുപിയിലെ ഗോരഖ്പൂരിലെ ശാസ്ത്രി ചൗക്കിലുള്ള ബിരിയാണി ബേ റെസ്റ്റോറന്‍റിലാണ് സംഭവം. എന്നാൽ ആരോപണം ഉന്നയിച്ച സംഘം മനപൂർവ്വം ബിരിയാണിയിലേക്ക് എല്ലിൻ കഷ്ണം ഇടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ഹോട്ടലുടമ പറയുന്നു. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവമിങ്ങനെ…
ജൂലൈ 31 ന് രാത്രിയാണ് സംഭവം നടന്നത്. 12 പേരടങ്ങുന്ന സംഘം അത്താഴം കഴിക്കാൻ റെസ്റ്റോറന്‍റിൽ എത്തി. സംഘത്തിലെ ചിലർ വെജിറ്റേറിയൻ ഭക്ഷണവും മറ്റുള്ളവർ നോൺ-വെജിറ്റേറിയൻ വിഭവങ്ങളും ഓർഡർ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ, ഒരാൾ പെട്ടെന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. വെജ് ഭക്ഷണത്തിൽ നിന്ന് എല്ല് കിട്ടിയെന്ന് ആരോപിച്ച് റെസ്റ്റോറന്റിനെ കുറ്റപ്പെടുത്താൻ തുടങ്ങി. സാവൻ മാസത്തിൽ സസ്യാഹാരത്തിൽ മാംസം കലർത്തി മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചു.
ഇതോടെ റെസ്റ്റോറന്‍റിൽ വളരെ വേഗം സംഘർഷാന്തരീക്ഷം ഉടലെടുത്തു. റെസ്റ്റോറന്‍റ് ഉടമ രവികർ സിങ് ഇടപെട്ട് ഭക്ഷണം കഴിക്കാനെത്തിയവരെ ശാന്തരാക്കാൻ ശ്രമിച്ചു. എന്നാൽ തർക്കം തുടർന്നതോടെ ഹോട്ടലുടമ പൊലീസിനെ വിളിച്ചു. വെജ്, നോൺ-വെജ് വിഭവങ്ങൾ പ്രത്യേകം തയ്യാറാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിച്ചതിന്‍റെ പണം നൽകാതിരിക്കാനുള്ള നാടകമാണ് സംഘം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് സ്ഥലത്തെത്തി റെസ്റ്റോറന്‍റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീഡിയോ ദൃശ്യങ്ങൾ ഹോട്ടലുടമ പുറത്തുവിടുകയും ചെയ്തു. സംഘത്തിലെ ഒരാൾ നോൺ-വെജ് പ്ലേറ്റിൽ നിന്ന് എന്തോ എടുത്ത് കൈമാറുന്നതും മറ്റൊരു പ്ലേറ്റിൽ വയ്ക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്.
"വർഷങ്ങളായി ഞങ്ങൾ ഈ റെസ്റ്റോറന്‍റ് നടത്തുന്നു, എല്ലായ്പ്പോഴും ഞങ്ങൾ ഉപഭോക്താക്കളുടെ മത വികാരങ്ങളെ മാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണം ഞങ്ങളുടെ ബിസിനസ്സിനെ മാത്രമല്ല, സാമൂഹിക സൗഹാർദത്തെയും ബാധിക്കുന്നു"- റെസ്റ്റോറന്‍റ് ഉടമ രവികർ സിങ് പറഞ്ഞു. നിയമപരമായി നീങ്ങുമെന്ന് റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു. അതേസമയം പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


