സ്ഥലക്കച്ചവടം ചെയ്തിരുന്ന 45കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകളെ വിവാഹം ചെയ്യാനുള്ള താൽപര്യം 23കാരൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുവതി ഇത് നിരസിച്ചിരുന്നു

നോയിഡ: വിവാഹാഭ്യർത്ഥന നിരസിച്ചു, ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തി 23കാരൻ. നോയിഡയിലാണ് സംഭവം. മൂന്നാം വ‍ർഷ ബിഫാം വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ദീപക് ഗോസ്വാമി എന്ന 23കാരനാണ് അറസ്റ്റിലായത്. 2022 മുതൽ മെഡിക്കൽ റെപ് ജോലിയാണ് ദീപക് ചെയ്തിരുന്നത്. ഗ്രേറ്റർ നോയിഡയിൽ സ്ഥല കച്ചവടം ചെയ്തിരുന്ന 45കാരനായ മഹിപാൽ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകളെ ദീപകിന് വിവാഹം ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ യുവതി താൽപര്യമില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇയാളിൽ നിന്ന് തോക്ക്, തിരകൾ, ഐഫോൺ, മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ധൂം ബൈപാസിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ഡിസംബറിൽ യുവതിയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപനം 

ഗൗതം ബുദ്ധ നഗറിലെ ബംബാവാഡ് സ്വദേശിയാണ് കൊല്ലപ്പെട്ട 45കാരൻ. ഇയാളുടെ നെഞ്ചിൽ രണ്ട് തവണയാണ് 23കാരൻ നിറയൊഴിച്ചത്. ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ് വേയിൽ നിന്നാണ് മഹിപാലിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് വഴിയാത്രക്കാർ മധ്യവയസ്കനെ പരിക്കേറ്റ നിലയിൽ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആറ് സംഘമായി തിരിഞ്ഞ് പൊലീസുകാർ സംഭവം നടന്ന മേഖലയിലുള്ള സിസിടിവികൾ സൂക്ഷ്മമായി പരിശോധിച്ചു.

അൻപതിലേറെ സിസിടിവി പരിശോധിച്ചതിലാണ് അക്രമിയിലേക്കുള്ള സൂചന ലഭിച്ചത്. മഹിപാൽ മകളുടെ വിവാഹം ഡിസംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചതാണ് 23കാരനെ പ്രകോപിതനാക്കിയത്. നിരവധി തവണ യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തി പരാജയപ്പെട്ടതോടെയാണ് വിവാഹം മുടക്കാൻ മഹിപാലിനെ കൊലപ്പെടുത്താൻ 23കാരൻ തീരുമാനിച്ചത്. ഒരു മാസത്തിലേറെയാണ് ഇതിനായുള്ള തയ്യാറെടുപ്പിലായിരുന്നു 23കാരൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം