എസികൾ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നത്, അറ്റകുറ്റപ്പണികളിലെ അപാകത, ഇലക്ട്രിക്കൽ തകരാറുകൾ എന്നിവ എങ്ങനെ അപകടത്തിലേക്ക് നയിക്കുമെന്നും, അപകടസൂചനകളും സുരക്ഷാ മുൻകരുതലുകളും എന്തെല്ലാമെന്നും ഇതിൽ പ്രതിപാദിക്കുന്നു.
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഹൗസ് ഖാസിലുള്ള വസതിയിൽ എസിയുടെ ഇൻഡോർ യൂണിറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതായി സംശയിക്കുന്ന തീപിടിത്തത്തെ തുടർന്ന് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാനുമായിരുന്ന ധനേന്ദ്ര കുമാർ മരണപ്പെട്ടു. പുക ശ്വസിച്ചതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. സംഭവത്തിൽ പരിക്കേറ്റ അദ്ദേഹത്തിന്റെ മകൻ നിലവിൽ ചികിത്സയിലാണ്. ഉത്തരേന്ത്യയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ എസികൾ ദീർഘനേരം പ്രവർത്തിപ്പിക്കുന്നതും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
വേനൽക്കാലത്ത് എസികൾ തുടർച്ചയായി മണിക്കൂറുകളോളം പ്രവർത്തിപ്പിക്കുമ്പോൾ കൂളിംഗ് സിസ്റ്റത്തിന്റെ ഹൃദയമായ കംപ്രസ്സറിന് വലിയ സമ്മർദ്ദമുണ്ടാകുന്നു. തണുക്കാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെങ്കിൽ ആന്തരിക താപനില അപകടകരമായി ഉയർന്ന് തീപിടുത്തത്തിന് കാരണമാകും. സർക്യൂട്ടിലൂടെ ദീർഘനേരം കറണ്ട് പ്രവഹിക്കുമ്പോൾ കടുത്ത ചൂട് ഉണ്ടാകുകയും വയറുകൾ ഉരുകി തീപ്പൊരി ഉണ്ടാകുകയും ചെയ്യാം. സാധാരണയായി ഇത്തരം ഘട്ടങ്ങളിൽ എംസിബികൾ ഓട്ടോമാറ്റിക്കായി ട്രിപ്പ് ആകേണ്ടതാണ്, എന്നാൽ എംസിബി തന്നെ തകരാറിലാണെങ്കിൽ ഈ സുരക്ഷാ സംവിധാനവും പരാജയപ്പെടുന്നു.
പവർ സപ്ലൈയിൽ പെട്ടെന്നുണ്ടാകുന്ന വോൾട്ടേജ് കൂടലുകളും കുറയലുകളും കംപ്രസ്സറിനെയും എസിക്കുള്ളിലെ സെൻസിറ്റീവ് ഇലക്ട്രിക്കൽ ഘടകങ്ങളെയും നശിപ്പിക്കും. കേടുവന്ന പൈപ്പുകളിൽ നിന്നോ ഘടകങ്ങളിൽ നിന്നോ കൂളിംഗ് ഗ്യാസ് ചോർന്നാൽ എസിയുടെ തണുപ്പിക്കാനുള്ള ശേഷി കുറയുകയും സിസ്റ്റത്തിന് കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് സിസ്റ്റത്തെ അമിതമായി ചൂടാക്കും. പൊടിയും അഴുക്കും അടിഞ്ഞുകൂടി വായുസഞ്ചാരം തടസപ്പെടുമ്പോൾ, എസിക്കുള്ളിലെ യന്ത്രങ്ങൾക്ക് വായു വലിച്ചെടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരുന്നു. ഇത് പ്രവർത്തന താപനില ഉയർത്തുന്നു. കാലപ്പഴക്കം ചെന്ന വയറിംഗുകൾക്ക് എസി വലിച്ചെടുക്കുന്ന വലിയ അളവിലുള്ള കറണ്ട് താങ്ങാൻ കഴിയാതെ വരുമ്പോൾ ഷോർട്ട് സർക്യൂട്ട് സാധ്യത വർദ്ധിക്കുന്നു.
എസികൾ നൽകുന്ന മുന്നറിയിപ്പുകൾ
എസികളിൽ ഗുരുതരമായ തകരാറുകൾ ഉണ്ടാകുന്നതിന് മുൻപ് ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അസാധാരണമായ ശബ്ദങ്ങൾ, എസി അടിക്കടി തനിയെ ഓണാവുകയും ഓഫാവുകയും ചെയ്യുക, കൃത്യമല്ലാത്ത തണുപ്പ്, എസിയിൽ നിന്ന് വരുന്ന കരിഞ്ഞ മണം അല്ലെങ്കിൽ പുക, ഹിസ്സിംഗ് ശബ്ദം, വെന്റുകളിൽ നിന്നുള്ള ചൂടുവായു, എവാപ്പറേറ്റർ കോയിലുകളിൽ അമിതമായി മഞ്ഞ് കട്ടപിടിക്കുക എന്നിവ കണ്ടാൽ അവ അവഗണിക്കരുത്.
വിദഗ്ധർ നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ
ഇൻഡോർ, ഔട്ട്ഡോർ വയറിംഗ് കണക്ഷനുകൾ കൃത്യമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. എയർ ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക. ഔട്ട്ഡോർ യൂണിറ്റിന് സമീപം മറ്റ് സാധനങ്ങൾ കൂട്ടിവെക്കാതിരിക്കുക. എസി താപനില 24 നും 26 നും ഇടയിൽ ക്രമീകരിച്ച് സിസ്റ്റത്തിന്റെ സമ്മർദ്ദം കുറയ്ക്കുക. കംപ്രസ്സറിന് വിശ്രമം നൽകാൻ സ്മാർട്ട് ടൈമറുകളോ ഇന്റലിജന്റ് കൺട്രോളറുകളോ ഉപയോഗിക്കുക. വോൾട്ടേജ് വ്യതിയാനം തടയാൻ സ്റ്റെബിലൈസറുകൾ, സർജ് പ്രൊട്ടക്ടറുകൾ അല്ലെങ്കിൽ ഇൻവെർട്ടർ അധിഷ്ഠിത എസികൾ ഉപയോഗിക്കുക. സർക്യൂട്ട് ബ്രേക്കറുകളും ഫ്യൂസുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കുക. അറ്റകുറ്റപ്പണികൾക്കും ഇൻസ്റ്റാളേഷനും അംഗീകൃത സാങ്കേതിക വിദഗ്ധരെ മാത്രം നിയോഗിക്കുക.


