കേന്ദ്ര ആരോഗ്യ സർവ്വീസിൽ ഓരോ വർഷം പത്ത് ഇഎൽ, പത്ത് ദിവസം കാഷ്വൽ ലീവ്, 30 ദിവസം ടീച്ചിംഗ് ലീവ് അടക്കം ലഭ്യമായിട്ടുള്ള ഉദ്യോഗസ്ഥയാണ് ഡോ. മഞ്ജു സബ‍‍ർവാൾ.

ദില്ലി: മേൽ ഉദ്യോഗസ്ഥരെ അറിയിക്കാതെ രാജ്യം വിട്ടു. കാനഡയിൽ സിനിമാ നിർമാണ മേഖലയിൽ സജീവമായിരിക്കെ കേന്ദ്ര സർക്കാരിൽ നിന്ന് മാസ ശമ്പളം വാങ്ങിയ ഡോക്ടർക്ക് നോട്ടീസ്. ദില്ലിയില ജി ബി പന്ത് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗം മേധാവിയ്ക്കെതിരെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. കഴി‌ഞ്ഞ മൂന്ന് വർഷമായി സർക്കാരിൽ നിന്ന് ശമ്പളം പറ്റിയ ഡോ. മഞ്ജു സബർവാൾ ഈ കാലയളവിൽ കാനഡയിൽ സിനിമാ നിർമ്മാണത്തിലായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ നീണ്ട അവധി എടുക്കുമ്പോൾ പിന്തുടരേണ്ട ഒരു നിബന്ധനകളും ഇവർ പാലിച്ചിട്ടില്ലെന്ന് കണ്ടതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഡോ. മഞ്ജു സബർവാൾ തന്നെക്കുറിച്ച് കാനഡ ആസ്ഥാനമായ സിനിമാ നിർമ്മാതാവ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. അറിയിപ്പില്ലാതെ ജോലിക്ക് എത്താതിരിക്കുന്നത് സർവ്വീസ് ബ്രേക്കിന് സമാനമായി കണക്കാക്കാതിരിക്കാനുള്ള കാരണമാണ് ഷോ കോസ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാലയളവിൽ വാങ്ങിച്ച ശമ്പളവും മറ്റ് അലവൻസുകളും തിരിച്ചടയ്ക്കുന്നതിനും സർക്കാർ നിർദ്ദേശിക്കുന്നത്.

ഇതിന് പുറമേ ഇവർ ഇന്ത്യ സന്ദർശിച്ച സമയം സൂക്ഷ്മമായി വിലയിരുത്താനും കേന്ദ്രം ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. സംഭവത്തിൽ ആശുപത്രിയിൽ നിന്നും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ ഡോ. മഞ്ജു സബർവാളിനെ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ദില്ലി സർക്കാരിന്റെ കീഴിലുള്ള ആശുപത്രിയാണ് ജി ബി പന്ത് ആശുപത്രി. ആശുപത്രിയിലെ ലാബുകളുടെ മേൽനോട്ടവും ലാബിലേക്ക് ആവശ്യമായ വസ്തുക്കളുടെ ശേഖരണം സംബന്ധിയായ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് വകുപ്പ് മേധാവിയാണ് എന്നിരിക്കെയാണ് വ‍ർഷങ്ങളായി യുവ ഡോക്ടർ ജോലിക്ക് ഹാജരാവാതിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ സർവ്വീസിൽ ഓരോ വർഷം പത്ത് ഇഎൽ, പത്ത് ദിവസം കാഷ്വൽ ലീവ്, 30 ദിവസം ടീച്ചിംഗ് ലീവ് അടക്കം ലഭ്യമായിട്ടുള്ള ഉദ്യോഗസ്ഥയാണ് ഡോ. മഞ്ജു സബ‍‍ർവാൾ. ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 36 മാസമാണ് പരമാവധി ലീവ് എടുക്കാനാവുക. ഈ ലീവ് എടുക്കുന്നവർ അഞ്ച് വ‍ർഷത്തിനുള്ളിൽ തിരിച്ചെത്തണമെന്ന വ്യവസ്ഥയിലും ഒപ്പിട്ട് നൽകേണ്ടതുണ്ട്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലും ഇമെയിലുകൾക്ക് പ്രതികരണം ലഭിക്കാത്ത അവസ്ഥയുമാണ് നിലവിലുള്ളത്. 2022ലാണ് സിനിമാ നിർമ്മാണ കോഴ്സ് പഠിക്കാനായി ഡോ. മഞ്ജു കാനഡയിലേക്ക് പോയത്. ഈ കാലയളവിൽ സാലറി ഇവർ വാങ്ങിയിരുന്നു.

ബയോകെമിസ്ട്രി വിഭാഗത്തിലെ പല വിധ ആവശ്യങ്ങൾക്കായി വകുപ്പ് മേധാവി എന്ന നിലയിൽ ഇവർ രേഖകളിൽ ഒപ്പുവച്ചിരുന്നു. ഇതും അധികൃതരുടെ അനുവാദം വാങ്ങാതെയുള്ള ഗൂഡാലോചനയാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോ‍ർട്ട് ചെയ്യുന്നത്. 50 ലക്ഷത്തോളം രൂപയയുടെ സാമ്പത്തിക നഷ്ടമുണ്ടായതോടെയാണ് ഇവരുടെ അനൗദ്യോഗിക അവധി ച‍ർച്ചയാവുന്നത്. ഓഫീസിലെത്താതെ ശമ്പളം വാങ്ങുന്ന വകുപ്പ് മേധാവികളേക്കുറിച്ച് മെയ് മാസത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരക്കുന്നത്. ഓരോ വർഷവും കുറച്ച് ദിവസം ദില്ലിയിലെത്തി തിരികെ കാനഡയിലേക്ക് മടങ്ങുന്നതായിരുന്നു ഇവരുടെ രീതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം