മദ്യവ്യവസായികളുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് മദ്യനയം രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തിയെന്നാണ് ഇഡി കണ്ടെത്തൽ.

ദില്ലി : ദില്ലി മദ്യനയ കേസിൽ വൈഎസ്ആ‌ർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നുള്ള ലോക്സഭ എംപി മഗുന്ത ശ്രീനിവാസ റെഡ്ഡിയുടെ മകൻ മഗുന്ത രാഘവയെയാണ് എൻഫോഴ്സമെന്റ് ദില്ലി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് രാഘവയെ ഇഡി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. നേരത്തെ ബിആർഎസ് നേതാവ് കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടിനെ തെലങ്കാനയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യവ്യവസായികളുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് മദ്യനയം രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തിയെന്നാണ് ഇഡി കണ്ടെത്തൽ.

Read More : നികുതി ബഹിഷ്കരണ പ്രഖ്യാപനം പിൻവലിച്ച് സുധാകരൻ, പിണറായിയെ പരിഹസിച്ചതെന്ന് വിശദീകരണം

എന്താണ് ദില്ലി മദ്യനയക്കേസ്?

ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ദില്ലി എക്സൈസ് നയം 2021-22. എന്നാല്‍ ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാരോപിച്ചാണ് സിബിഐ ഫയല്‍ ചെയ്തിരിക്കുന്ന ഇപ്പോഴത്തെ അഴിമതി കേസ്. ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്. ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപറ്റിയെന്നാണ് സിബിഐ പറയുന്നത്.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. കേന്ദ്ര ഏജൻസി പറയുന്നതനുസരിച്ച്, സിസോദിയയും മറ്റ് ആരോപണവിധേയരായവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയാണ്.

എന്റർടൈൻമെന്റ് ആൻഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഒൺലി മച്ച് ലൗഡറിന്റെ മുൻ സിഇഒ വിജയ് നായർ, പെർനോഡ് റിക്കാർഡിലെ മുൻ ജീവനക്കാരൻ മനോജ് റായ്, ബ്രിൻഡ്‌കോ സ്പിരിറ്റ്‌സിന്റെ ഉടമ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റ്‌സ് ഉടമ സമീർ മഹേന്ദ്രു എന്നിവർ നയ രൂപീകരണത്തില്‍ ഇടപെട്ടുവെന്നാണ് സിബിഐ ആരോപണം. കഴിഞ്ഞ വർഷം നവംബറിൽ കൊണ്ടുവന്ന എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകൾ ഉണ്ടായെന്നും സിബിഐ ആരോപിക്കുന്നു.

Read More : എന്താണ് ദില്ലി മദ്യനയക്കേസ്? ആംആദ്മി പേടിക്കണോ, സിസോദിയ പെടുമോ; ഉള്‍കളികള്‍ ഇങ്ങനെ.!