ദില്ലിയിലെ മണ്ടോളി ജയിലിൽ ഗുണ്ടാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ദില്ലി: ദില്ലി അധോലോകത്തിലെ കുപ്രസിദ്ധിയാർജിച്ച ഗുണ്ടാ നേതാവ് സൽമാൻ ത്യാഗിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ടോളിയിലെ ജയിലിലെ സെല്ലിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഘടിത ആക്രമണം, കൊള്ള എന്നിവ നടത്താൻ വലിയ കുറ്റവാളികളുടെ സംഘം തന്നെ ഇയാളുടെ നേതൃത്വത്തിലുണ്ടായിരുന്നു. സൽമാൻ ത്യാഗിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. ബെഡ്‌ഷീറ്റ് ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിമരിച്ചതെന്നാണ് ജയിലുദ്ോഗസ്ഥരുടെ മൊഴി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും ഇവർ പറയുന്നു. സംഭവത്തിൽ പൊലീസും ജയിലധികൃതരും അന്വേഷണം തുടങ്ങി.
ദില്ലി അധോലോകത്തിലെ അറിയപ്പെടുന്ന ക്രിമിനൽ നേതാവായിരുന്നു ഇയാൾ. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. ഗുണ്ടാ നേതാവ് നീരജ് ബവനയ്ക്കൊപ്പം ക്രിമിനൽ കരിയർ തുടങ്ങിയ ശേഷം സ്വന്തം നിലയിൽ ഒരു ഗുണ്ടാ സംഘത്തെ ഇയാൾ വളർത്തിയെടുക്കുകയായിരുന്നു. പിന്നീട് ലോറൻസ് ബിഷ്ണോയ് സംഘത്തോടൊപ്പം ചേരാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. ജയിലിൽ കഴിയവേ പുറത്തുള്ള സംഘാംഗങ്ങൾക്ക് ഇയാൾ നിരന്തരം നിർദേശങ്ങൾ നൽകി. കഴിഞ്ഞ വർഷം ദില്ലിയിലെ രണ്ട് ബിസിനസുകാരെ കൊള്ളയടിച്ച് 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ഇയാൾ തൻ്റെ സംഘത്തിന് നിർദേശം നൽകിയിരുന്നു. ഇത് ലോറൻസ് ബിഷ്ണോയിയുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
നടൻ സൽമാൻ ഖാൻ്റെ കടുത്ത ആരാധകനായിരുന്നു ഇയാൾ. സൽമാൻ ഖാൻ്റെ 2003 ൽ പുറത്തിറക്കിയ തേരേ നാം എന്ന സിനിമയിലേതിന് സമാനമായ ഹെയർ സ്റ്റൈലും വേഷവിധാനങ്ങളുമായിരുന്നു ഇയാളുടേത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും അടക്കം ഇയാൾ ജയിലിലാകുന്നത് വരെ സജീവമായിരന്നു. പിടിയിലായ ശേഷം കോടതിയിൽ ഹാജരാകുന്ന സമയത്തെല്ലാം അനുയായികൾ വഴി ദൃശ്യങ്ങൾ പരത്തി ഓൺലൈനിൽ തൻ്റെ സാന്നിധ്യം ഉറപ്പാക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇയാളുടെ മരണം സംബന്ധിച്ച് വിശദമായ പരിശോധന ജയിലിൽ നടക്കും. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

