ദില്ലി വായുമലിനീകരത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരിൽ മലയാളികളും. തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്
ദില്ലി: ദില്ലി വായുമലിനീകരത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരിൽ മലയാളികളും. തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലിയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരേയും പട്യാല കോടതിയിൽ ഹാജരാക്കി. ഒരാൾ നിയമ ബിരുദ വിദ്യാർത്ഥിയും ഒരാൾ നിയമ ബിരുദം പൂർത്തിയാക്കിയ ആളുമാണ്. വായുമലിനീകരണത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയവർ അർബൻ നക്സലുകളാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. പ്രതിഷേധക്കാർ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് കോടതിയിൽ പൊലീസ് അറിയിച്ചു. വായുമലിനീകരണത്തിന് എതിരായ പ്രതിഷേധം അല്ല ഇവർ ഉദ്ദേശിച്ചതെന്നും പൊലീസിനെ ആക്രമിച്ചെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
ജെൻ സി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. ദില്ലി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ഇന്ത്യ ഗേറ്റിന് മുന്നിൽ വായുമലിനീകരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമയത്ത് ഉയർത്തിപ്പിടിച്ച പോസ്റ്ററുകളിൽ ഒന്നിൽ ഈയിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ മാധ്വി ഹിദ്മയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴിവെച്ചത്.
പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കളുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് ദില്ലി പൊലീസ് അന്വേഷണം നടത്തുകയാണ്. ബിർസാ മുണ്ട മുതൽ മാധ്വി ഹിദ്മ വരെ വനം സംരക്ഷിക്കാനുള്ള പോരാട്ടം നടത്തി എന്നായിരുന്നു പോസ്റ്ററിലെ വാചകം. മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി പ്രതിഷേധക്കാർക്കുള്ള ബന്ധമാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുന്നത്. ജെൻയുവിലെയും ദില്ലി സർവ്വകലാശാലയിലെയും വിദ്യാർത്ഥികളാണ് പ്രതിഷേധത്തിന് എത്തിയിവരിൽ കൂടുതലും. പ്രതിഷേധക്കാരിൽ ചിലർ പൊലീസിന് നേരെ കുരുമുളക് സ്പ്രൈ പ്രയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയും കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യ ഗേറ്റ് മുന്നിലെ സി ഹെക്സഗൺ റോഡ് പ്രവർത്തകർ തടയുകയും ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ റോഡിൽ നിന്നും നീക്കാൻ ശ്രമിക്കുക്കവെയാണ് പ്രതിഷേധക്കാർ പൊലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 15 ലധികം പേരെ അറസ്റ്റ് ചെയ്തതു. പൊലീസിനെ ആക്രമിച്ചതിനും, കുരുമുളക് സ്പ്രേ പ്രയോഗിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബിർസ മുണ്ട മുതൽ മാധവി ഹിദ്മ വരെ, വനം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും എന്നായിരുന്നു പോസ്റ്ററിലെ വാചകം എന്നാൽ വായു മലിനീകരണത്തിന്റെ മറവിൽ മാവോയിസം പ്രചരിപ്പിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നാണ് ബിജെപി വാദം. പ്രതിഷേധവുമായി അർബൻ നക്സലുകൾക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു. ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തന്നെ തുടരുകയാണ്. 396 ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. പലയിടത്തും ഇത് 450 നു മുകളിലാണ്. വായുമലിനീകരണം കുറയ്ക്കാനുള്ള സർക്കാർ നടപടികൾ ഫലപ്രദമല്ല എന്ന് ആരോപിച്ചായിരുന്നു ഇന്ത്യ ഗേറ്റിനു മുന്നിലെ പ്രതിഷേധം.



