Asianet News MalayalamAsianet News Malayalam

'ആപ്പ് കാ' സര്‍ക്കാര്‍ മുഖംമിനുക്കും; യുവമുഖങ്ങൾ മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ ഈ ആഴ്ച

അതിഷി മര്‍ലേന, രാഘവ് ചന്ദ ഉൾപ്പടെ യുവമുഖങ്ങൾ ഇത്തവണ മന്ത്രിസഭയിലെത്തും. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ ലഭിക്കും.

Delhi government formation discussions started
Author
Delhi, First Published Feb 12, 2020, 6:08 AM IST

ദില്ലി: ദില്ലിയിൽ ഹാട്രിക് വിജയം നേടിയ ആം ആദ്മി പാർട്ടി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങി. പതിനൊന്നരയോടെ അരവിന്ദ് കെജ്‍രിവാളിന്റെ വീട്ടിൽ നേതാക്കൾ യോഗം ചേരും.‍ ഇന്ന് തന്നെ കെജ്‍രിവാളിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കും. ലഫ്റ്റ‍നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് വൈകാതെ അവകാശ വാദവും ഉന്നയിക്കും. 

അതിഷി മര്‍ലേന, രാഘവ് ചന്ദ ഉൾപ്പടെ യുവമുഖങ്ങൾ ഇത്തവണ മന്ത്രിസഭയിലെത്തും. ആംആദ്മി പാര്‍ട്ടിയുടെ രണ്ടാം വിജയത്തിൽ കൂടുതൽ യുവമുഖങ്ങൾ ദില്ലി നിയമസഭയിലേക്കെത്തുകയാണ്. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ ലഭിക്കും. സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ നടത്താനാണ് ആം ആദ്മിയുടെ ശ്രമം.

Also Read: യുവനിര തിളങ്ങി; എഎപിയിലേക്ക് എത്തിയവരെല്ലാം ജയിച്ചു; പാര്‍ട്ടി വിട്ടവരെല്ലാം തോറ്റു!

കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. വീണ്ടും അരവിന്ദ് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും.

ആംആദ്മി പാർട്ടിക്ക് ആകെ പോൾ ചെയ്തതിന്റെ 53.57 ശതമാനം വോട്ട് ലഭിച്ചു. ബിജെപിക്ക് 38.5 ശതമാനം വോട്ടാണ് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വോട്ട് 4.26 ശതമാനമായി ഇടിഞ്ഞു. 0.71 ശതമാനം വോട്ട് നേടിയ ബിഎസ്‌പിയാണ് വോട്ട് നിലയിൽ നാലാം സ്ഥാനത്ത്.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം ഉണ്ടായി. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

Also Read: ദില്ലിയില്‍ ആം ആദ്മി എംഎല്‍എക്ക് നേരെ വധശ്രമം; പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Follow Us:
Download App:
  • android
  • ios