ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന് പൊലീസ് നല്‍കിയ ഉറപ്പിന്‍മേലാണ് ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയില്‍ പോകാന്‍ തയ്യാറായത്. 

ദില്ലി: ദില്ലിയില്‍ ജുമാമസ്ജിദില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചുതുടങ്ങി. കുട്ടികളടക്കം 42 പേരെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 9 കുട്ടികളെയും മോചിപ്പിച്ചു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജുമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിന്‍മേലാണ് ചന്ദ്രശേഖർ ആസാദ് കീഴടങ്ങിയത്.

ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു ദില്ലി ജുമാ മസ്ജിദിലെ വന്‍ പ്രതിഷേധം നടന്നത്. ദില്ലിയില്‍ ഇന്നും അതീവജാഗ്രതയിലാണ്. പല സ്ഥലങ്ങളില്‍ പല സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന് കേന്ദ്രീകൃതമായ സ്വഭാവമില്ലെന്നതും പൊലീസിനെ കുഴക്കുന്നു. പ്രശ്നബാധിതമെന്ന് കരുതുന്ന പ്രദേശങ്ങളിലെല്ലാം പൊലീസ് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്. 

അണയാതെ പൗരത്വ പ്രതിഷേധം; പൊലീസിനെ വിറപ്പിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ...

അതേസമയം ഉത്തര്‍പ്രദേശില്‍ ഇപ്പോഴും പലയിടത്തും അതീവജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ ആറുപേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ പ്രാദേശിക മാധ്യമങ്ങള്‍ മരണം 10 എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെടിവെപ്പിലാണ് മരണമെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം പൊലീസ് വെടിവെച്ചിട്ടില്ലെന്നും ആരാണ് വെടിയുതിര്‍ത്തതെന്ന് അന്വേഷിക്കുമെന്ന് യുപി ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്ത് 21 നഗരങ്ങളില്‍ ഇന്‍റര്‍നെറ്റ് വിഛേദിച്ചു. മീററ്റ് അടക്കമുള്ള ചില നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഹാറില്‍ ആര്‍ജെഡി ബന്ദ് പുരോഗമിക്കുന്നു. അസമില്‍ കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ചു. 

അതിനിടെ പൗരത്വ ഭേദഗതിയെ അനുകൂലിച്ചും ദില്ലിയിൽ പ്രകടനം നടന്നു. മുൻ ആം ആദ്മി പാർട്ടി എംഎൽഎയും ബിജെപി നേതാവുമായ കപിൽ ശർമ്മയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പ്രതിഷേധക്കാരെ വെടിവെക്കണം എന്ന മുദ്രവാക്യവുമായി ഇവര്‍ പ്രകടനം നടത്തി.