ജാമ്യത്തിലിറങ്ങിയതിന് ശേഷം തന്റെ ആധിപത്യം വീണ്ടും സ്ഥാപിക്കാനാണ് വിവാഹച്ചടങ്ങിൽ വെടിയുതിർത്തത്.
ന്യൂഡൽഹി: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവ് വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ ഡൽഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാട്ടുകാരെ പേടിപ്പിക്കാനും മേഖലയിൽ തന്റെ "അധികാരം" പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയായിരുന്നു തോക്ക് ചൂണ്ടിയുള്ള ഈ സാഹസം. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.
നരേല സ്വദേശിയായ പവൻ ഖത്രി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് ഒരു പിസ്റ്റളും രണ്ട് തിരകളും പിടിച്ചെടുത്തു. ഔട്ടർ നോർത്ത് ജില്ലയിലെ എഎടിഎസ് (ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡ്), ആന്റി-ബർഗ്ലറി സെൽ ടീം എന്നിവർ ചേർന്നാണ് പ്രതിയെ നരേലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമനൽ കേസുകളിലെ പ്രതിയായ ഇയാൾ 2024-ൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം തന്റെ ആധിപത്യം വീണ്ടും സ്ഥാപിക്കാനാണ് ഖത്രി വിവാഹച്ചടങ്ങിൽ വെടിയുതിർത്തത്. ഇയാൾക്കെതിരെ ഇപ്പോഴും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നടത്തിയ വ്യാപക പരിശോധനയ്ക്ക് ശേഷം ഞായറാഴ്ച പുലർച്ചയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നരേല പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ആയുധത്തിന്റെ ഉറവിടവും ഖത്രിയുടെ മറ്റ് കൂട്ടാളികളെയും കണ്ടെത്താനായി കൂടുതൽ ചോദ്യം ചെയ്യൽ നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
