ഹൈവേ മുറിച്ചുകടന്നയാളെ വണ്ടിയിടിച്ചു, പിന്നാലെയെത്തിയ നിരവധി വാഹനങ്ങളും കയറിയിറങ്ങി, മൃതദേഹം ചിതറിയ നിലയിൽ
ദില്ലി-ജയ്പൂർ ഹൈവേ മുറിച്ചുകടക്കുകയായിരുന്ന 35- കാരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. പിന്നാലെയെത്തിയ നിരവധി വാഹനങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയങ്ങി.

ഗുരുഗ്രാം: ദില്ലി-ജയ്പൂർ ഹൈവേ മുറിച്ചുകടക്കുകയായിരുന്ന 35- കാരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. പിന്നാലെയെത്തിയ നിരവധി വാഹനങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയങ്ങി. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായി. വ്യാഴായാഴ്ചയായിരുന്നു ദാരുണമായ അപകടം. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ മോഹൻ ഗാർഡനിലെ താമസക്കാരനായ രമേശ് നായക്കാണ് കൊല്ലപ്പെട്ടത്. ശരീരഭാഗങ്ങളിൽ കണ്ടെത്തിയ പഴ്സിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. സ്‌കൂൾ ബസ് ഡ്രൈവറായ രമേശിന് ഭാര്യയെയും മൂന്നും, എട്ടും, പത്തും വയസുള്ള മൂന്ന് കുട്ടികളുമുണ്ട്.
സഹോദരിയെ കാണാൻ ജയ്പൂരിലേക്ക് പോവുകയായിരുന്നു രമേശ്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ദില്ലി-ജയ്പൂർ ദേശീയപാത 48-ൽ വെച്ചായിരുന്നു സംഭവം. യാത്രക്കിടെ അസുഖം തോന്നിയ ഇയാൾ യാത്ര ഉപേക്ഷിച്ച് ദില്ലിയിലേക്ക് മടങ്ങവെ ആയിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ രമേശിനെ ഒരു വാഹനം ഇടിച്ചിട്ടു. നിലത്തുവീണുകിടന്ന ഇയാളെ പിന്നിലുള്ള വാഹനങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല. തുടർന്ന് ഈ വാഹനങ്ങളെല്ലാം മൃതദേഹത്തിൽ കയറിയിറങ്ങുകയായിരുന്നു. മൃതദേഹ അവശിഷ്ടം ശ്രദ്ധയിൽ പെട്ട യാത്രക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. രമേശിന്റെ മൃതദേഹം സഹോദരൻ ദിലിപ് നായക് തിരിച്ചറിഞ്ഞു.
തിരിച്ചറിയാത്ത ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കൃത്യമായി എത്രമണിക്കാണ് സംഭവം നടന്നത് എന്നറിയില്ലെന്നും, വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ശരീര അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു.
'ജയ്പൂരിലെ സഹോദരിയെ കാണാൻ ബുധനാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ രമേശിന്റെ മരണവാർത്തയാണ് വ്യാഴാഴ്ച രാവിലെ എത്തിയത്. രമേശ് രാജസ്ഥാൻ സ്വദേശിയാണ്, എന്നാൽ അദ്ദേഹം കഴിഞ്ഞ വർഷങ്ങളായി ദില്ലിയിലാണ് താമസിക്കുന്നത്. കുടുംബത്തിന്റെ ഉപജീവനം മുട്ടിയ അവസ്ഥയാണ് എന്നും കൊല്ലപ്പെട്ട ശമേശിന്റെ പിതാവ് പറഞ്ഞു.