അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ വലയിലാക്കി ദില്ലി പൊലീസ്. തുർക്കി ചൈനീസ് നിർമ്മിത ആയുധങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കടത്തിയിരുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്
ദില്ലി: അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ വലയിലാക്കി ദില്ലി പൊലീസ്. തുർക്കി ചൈനീസ് നിർമ്മിത ആയുധങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കടത്തിയിരുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. സംഘത്തിന് പാക് ചാരസംഘടനയുമായും ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്ന സംഘമാണ് ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. അജയ് മൻദീപ് ദൽവീന്തർ രോഹൻ എന്നീ നാലു പേരെയാണ് പൊലീസിനു പിടികൂടാൻ ആയത്. ദില്ലിയിലെ രോഹിണിയിൽ ആയുധ കൈമാറ്റത്തിനെത്തിയ മൻദീപിനെയും ദൽവിന്ദറിനെയുമാണ് ആദ്യം പൊലീസ് പിടികൂടുന്നത്. ഇവരില് നിന്ന ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രോഹനെയും അജയ്യെയും പിടികൂടുന്നത്.
തുർക്കിയിലും ചൈനയിലും നിർമ്മിച്ച അത്യാധുനിക ആയുധങ്ങൾ സംഘം അവിടെനിന്ന് പാക്കിസ്ഥാനിൽ എത്തിക്കും. പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി പഞ്ചാബിലേക്ക് കടത്തിക്കൊണ്ടുവരുന്ന ആയുധങ്ങൾ ഇന്ത്യയിൽ വിൽപ്പന നടത്തുകയായിരുന്നു സംഘത്തിന്‍റെ രീതി. ആയുധ കടത്തിന് ഇവർക്ക് പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായം കിട്ടിയിരുന്നു. ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് ഇവർ ആയുധങ്ങൾ കടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ദില്ലി ഹരിയാന പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘം ആയുധങ്ങൾ എത്തിച്ചിരുന്നത്. ലോറൻസ് ബിഷ്ണോയി, ബംബിഹ, ഗോഗി, ഹിമാൻഷു ഭൗ തുടങ്ങിയ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങൾക്ക് സംഘം ആയുധങ്ങൾ കൈമാറിയിരുന്നു.
സംഘത്തിന്റെ കയ്യിൽ നിന്ന് 10 അത്യാധുനിക വിദേശനിർമ്മിത പിസ്റ്റലുകളും 92 കാട്രിജുകളും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ഇതിൽ 5 പിസ്റ്റലുകൾ തുർക്കിയിൽ നിർമ്മിച്ചവയാണ് മൂന്നെണ്ണം ചൈനയിലും. ഇവരിൽ നിന്ന് ആയുധങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി പിടിയിലായവരുടെ ബാങ്ക് അക്കൗണ്ട് മൊബൈൽ ഫോൺ സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചു വരികയാണ്. സംഘത്തിലെ കണ്ണികൾ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടെന്നാണ് ദില്ലി പൊലീസിന്‍റെ നിഗമനം.



