അതേസമയം, ഡൽഹി പൊലീസിന്റെ വാദങ്ങൾ അഭിജീത് ദീപ്കെ തള്ളി. പലതവണ അഭ്യർഥിച്ചിട്ടും പൊലീസുകാർ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും അഭിഭാഷകനുമായി ബന്ധപ്പെടാൻ പോലും അനുമതി നൽകിയില്ലെന്നും ദീപ്കെ നാഗ്പുരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ന്യൂഡൽഹി: മുത്തശ്ശിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ തന്നെ അഭിജീത് ദീപ്കെയ്ക്ക് സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തിരുന്നതായി ഡൽഹി പൊലീസ്. അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മുത്തശ്ശി അന്തരിച്ചത്. മരണവിവരം അറിയിച്ചിട്ടും പൊലീസ് ദീപ്കെയെ വിട്ടയക്കാൻ വൈകിയെന്നും സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ദീപ്കെയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ തെറ്റാണെന്നായിരുന്നു ഡൽഹി പൊലീസ് പിആർഒയായ ഡിസിപി നേഹ യാദവിന്റെ വിശദീകരണം. ദീപ്കെ പൊലീസ് കസ്റ്റഡിയിലിരിക്കെയുള്ള വീഡിയോദൃശ്യങ്ങൾ സഹിതമാണ് ഡിസിപി വാർത്താസമ്മേളനം നടത്തിയത്. അതേസമയം, ഡൽഹി പൊലീസിന്റെ വാദങ്ങൾ അഭിജീത് ദീപ്കെ തള്ളി. പലതവണ അഭ്യർഥിച്ചിട്ടും പൊലീസുകാർ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും അഭിഭാഷകനുമായി ബന്ധപ്പെടാൻ പോലും അനുമതി നൽകിയില്ലെന്നും ദീപ്കെ നാഗ്പുരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുത്തശ്ശിയുടെ മരണവിവരവും സംസ്കാരത്തിന്റെ സമയവുമെല്ലാം ദീപ്കെയെ കൃത്യസമയത്ത് തന്നെ അറിയിച്ചിരുന്നതായാണ് ഡിസിപി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതിനുപുറമേ വീട്ടിലേക്ക് പോകാനുള്ള യാത്രാസൗകര്യവും വാഗ്ദാനം ചെയ്തു. എവിടെ വേണമെങ്കിലും യാത്രചെയ്യാമെന്നും ബസോ വിമാനമോ അല്ലെങ്കിൽ മറ്റുസൗകര്യങ്ങളോ ഒരുക്കാമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദീപ്കെയോട് പറയുന്നതാണ് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. തന്റെ ഔദ്യോഗിക ഫോണിൽനിന്ന് കുടുംബത്തെ വിളിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ തന്റെ പിതാവിനോട് സംസാരിക്കാനാകില്ലെന്നായിരുന്നു ദീപ്കെ പൊലീസുകാരനോട് പറഞ്ഞത്. തുടർന്ന് നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാമെന്ന് ഉദ്യോഗസ്ഥൻ പറയുന്നതും പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.
അതേസമയം, ഡൽഹി പൊലീസിന്റെ വാദങ്ങളെല്ലാം അഭിജീത് ദീപ്കെ നിഷേധിച്ചു. പൊലീസ് വന്ന് മരണവിവരം അറിയിച്ചപ്പോൾ തന്റെ ഗ്രാമത്തിലുള്ള ബന്ധുവിനെ വിളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രണ്ടുമിനിറ്റ് നേരത്തേക്ക് തന്റെ ഫോൺ നൽകണമെന്നും അഭ്യർഥിച്ചു. എന്നാൽ, പൊലീസ് ഫോൺ നൽകാൻ കൂട്ടാക്കിയില്ല. പകരം നമ്പർ പറഞ്ഞുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷേ, തനിക്ക് നമ്പർ കാണാതെ അറിയില്ലെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. നിയമപ്രകാരം തനിക്ക് തന്റെ അഭിഭാഷകനെ വിളിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, ഡൽഹി പൊലീസ് അതിനും അനുവദിച്ചില്ല. പുലർച്ചെ മൂന്നരയ്ക്ക് വന്നാണ് പൊലീസ് വിവരങ്ങൾ പറയുന്നത്. പിന്നീട് തന്റെ മാതാപിതാക്കളെ വിളിച്ച് താൻ അറസ്റ്റിലാണെന്ന് അറിയിക്കാൻ പറഞ്ഞു. മുത്തശ്ശിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവരെയാണ് പുലർച്ചെ വിളിച്ച് അറസ്റ്റ് വിവരം അറിയിക്കാൻ പറയുന്നത്. ഇത് എന്ത് നിയമനടപടിയാണെന്നും ദീപ്കെ ചോദിച്ചു.
ഡൽഹിയിലെ പൊലീസുകാർ യൂണിഫോമിട്ട ഗുണ്ടകളാണെന്നും ദീപ്കെ ആരോപിച്ചു. അമിത്ഷാ ആണ് അവരെ ഗുണ്ടകളാക്കിയത്. താൻ ഒരു ബോണ്ടിലും ഒപ്പുവെച്ചിട്ടില്ല. ഇനിയും തങ്ങൾ തെരുവിലിറങ്ങും. അമിത് ഷായുടെയും മോദിയുടെയും ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല. ഒരുതവണയല്ല നൂറുതവണ വേണമെങ്കിലും ജയിലിൽ അടച്ചോളൂ. നിങ്ങളുടെ ഏകാധിപത്യത്തെ ഭയക്കുന്നില്ലെന്നും നിങ്ങളുടെ ഏകാധിപത്യത്തിന് അന്ത്യംകുറിക്കുമെന്നും ദീപ്കെ നാഗ്പുരിൽ പറഞ്ഞു.


