ദില്ലി: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയതോടെ വടക്ക് കിഴക്കന്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ സംഘര്‍ഷാവസ്ഥ ശക്തമായ സീലംപൂരില്‍ ഉള്‍പ്പെടുന്ന  ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്. ഇന്നലയുണ്ടായ സംഘർഷത്തിൽ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയെന്നതിനാല്‍ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി സീലംപൂരിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്നലെയാണ് പ്രതിഷേധം അക്രമത്തിലേക്കും സംഘർഷത്തിലേക്കും വഴിമാറിയത്. സംഘർഷത്തിനിടെ രണ്ട് ബസ്സുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. പ്രദേശത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. സംഘർഷത്തെത്തുടർന്ന് സീലംപൂർ - ജാഫ്രദാബാദ് റോഡ് പൊലീസ് അടച്ചിരിക്കുകയാണ്. 

ദില്ലിയിൽ വീണ്ടും വൻ സംഘർഷം; സീലംപൂരിൽ വാഹനങ്ങൾ കത്തിച്ചു, മെട്രോ അടച്ചു
 
ഇന്നലെ 12 മണിയോടെയാണ് കിഴക്കൻ ദില്ലിയിലെ സീലംപൂരിൽ പൗരത്വബില്ലിനെതിരായ പ്രക്ഷോഭം തുടങ്ങിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം സീലംപൂർ - ജാഫ്രദാബാദ് റോഡിലേക്ക് നീങ്ങിയതോടെ പൊലീസ് തടഞ്ഞു. പൗരത്വബില്ലിനെതിരെയും എൻആർസിക്ക് എതിരെയും മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് വലിയ രീതിയിൽ വീണ്ടും ആൾക്കൂട്ടം മുന്നോട്ട് നീങ്ങിയതോടെ സ്ഥിതി സംഘർഷത്തിലേക്ക് എത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇന്നലെ നടന്ന ആക്രമണങ്ങളില്‍ 30 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പൊലീസുകാരും ഉള്‍പ്പെടുന്നു.