താന്‍ ഒരു പരാജയമാണെന്നും, ഭാരമാണെന്നും തോന്നുന്നുവെന്നും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമായി തുടങ്ങിയെന്നുമായിരുന്നു കുറിപ്പില്‍.

ദില്ലി: ആറ് ദിവസം മുമ്പ് കാണാതായ ദില്ലി സർവ്വകലാശാല വിദ്യാർത്ഥിനിയും ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. 19 കാരി ജീവനൊടുക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ സ്‌നേഹയുടെ കൈയക്ഷരത്തിലുള്ള ഒരു ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. താന്‍ ഒരു പരാജയമാണെന്നും, ഭാരമാണെന്നും തോന്നുന്നുവെന്നും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമായി തുടങ്ങിയെന്നുമായിരുന്നു കുറിപ്പില്‍.

സിഗ്നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്നും സ്നേഹയുടെ കുറിപ്പിലുണ്ട്. ആത്മഹത്യ സ്വന്തം തീരുമാനമാണെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും സ്‌നേഹ എഴുതിയിരുന്നു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഏഴിനാണ് ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർഥിയായ സ്നേഹയെ കാണാതാവുന്നത്. അന്നാണ് സ്നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്.

താൻ സുഹൃത്ത് പിറ്റൂണിയയോടൊപ്പം സരായി റോഹില്ല റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയാണെന്ന് സ്നേഹ അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചു. പുലർച്ചെ 5:56-നാണ് സ്നേഹ അവസാനമായി ഫോൺ ചെയ്തത്. രാവിലെ 8:45-ഓടെ സ്നേഹയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. എന്നാൽ പിറ്റൂണിയ അന്നേ ദിവസം സ്നേഹയെ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചുതോടെ യുവതിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്നേഹ യാത്ര ചെയ്ത ക്യാബ് പൊലീസ് കണ്ടെത്തി. സ്നേഹയെ ദില്ലിയിലെ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം ഇറക്കിയതായി ക്യാബ് ഡ്രൈവർ സ്ഥിരീകരിച്ചു. പിന്നാലെ യുവതിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയതോടെ യമുനാ നദിയിൽ തെരച്ചിൽ ആരംഭിച്ചു. എന്നാൽ സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞ് സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാറി യമുനാ നദിയുടെ ഗീത കോളനിയിലെ ഒരു ഫ്‌ലൈഓവറിനടുത്തുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)