ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ അസമിലും ത്രിപുരയിലും വടക്കുകിഴക്കന്‍ കരസേനയെ വിന്യസിച്ചു. ത്രിപുരയില്‍ രണ്ട് കമ്പനി സേനയെയും അസമില്‍ ഒരു കമ്പനി സേനയെയുമാണ് വിന്യസിച്ചത്. അതിനിടെ, പ്രതിഷേധത്തെത്തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനേവാള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. അതേസമയം, അസമില്‍ നാളെ ബന്ദ് പ്രഖ്യാപിച്ചു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ത്രിപുരയില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ്,എസ്എംഎസ് സേവനങ്ങളെല്ലാം ബിജെപി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. 48 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം. പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായ സാഹചര്യത്തിലായിരുന്നു നടപടി.

പൗരത്വബില്ലിനെച്ചൊല്ലി പ്രക്ഷോഭങ്ങള്‍ കനത്തതോടെ അസമിന്‍റെ പലഭാഗങ്ങളിലും ജനജീവിതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. പ്രതിഷേധപ്രകടനങ്ങള്‍ മൂലം നിരവധി പേര്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Read Also: പൗരത്വഭേദഗതി ബില്ലിൽ സ്തംഭിച്ച് വടക്കുകിഴക്ക്: ബന്ദിനിടെ കൈക്കുഞ്ഞ് മരിച്ചു, ത്രിപുരയിൽ ഇന്‍റർനെറ്റ് നിരോധനം