ശ്രീ വെങ്കിടേശ്വര സ്വാമി സമ്പത്ത് നൽകിയതിനാൽ ദേവന് തിരികെ നൽകാൻ തീരുമാനിച്ചതായുമാണ് ഭക്തൻ വിശദമാക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.

അമരാവതി: തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തൻ 121 കിലോ സ്വർണം സംഭാവന നൽകിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാന സർക്കാറിന്റെ സംരംഭക വിജയത്തിനുള്ള നന്ദി സൂചകമായാണ് ഏകദേശം 140 കോടി രൂപ വിലമതിക്കുന്ന 121 കിലോഗ്രാം സ്വർണം ദാനം ചെയ്യാൻ വെങ്കിടേശ്വര സ്വാമിയുടെ ഭക്തൻ മുന്നോട്ട് വന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭക്തന് ഒരു കമ്പനി സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കമ്പനി സ്ഥാപിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. തുടർന്ന് നന്ദി സൂചകമായി ഭ​ഗവാന് സംഭാവന നൽകാൻ തീരുമാനിച്ചു. ഇപ്പോൾ അദ്ദേഹം 121 കിലോ സ്വർണ്ണം വെങ്കിടേശ്വര സ്വാമിക്ക് നൽകുന്നുവെന്ന് അറിയിച്ചെന്ന് മംഗളഗിരിയിൽ 'ദാരിദ്ര്യ നിർമാർജന' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഭക്തൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. 

തന്റെ കമ്പനി ഓഹരികളുടെ 60 ശതമാനം വിറ്റ് 1.5 ബില്യൺ യുഎസ് ഡോളർ അഥവാ ഏകദേശം 6,000 കോടി മുതൽ 7,000 കോടി രൂപ വരെ സമ്പാദിച്ചുവെന്നും ശ്രീ വെങ്കിടേശ്വര സ്വാമി സമ്പത്ത് നൽകിയതിനാൽ ദേവന് തിരികെ നൽകാൻ തീരുമാനിച്ചതായുമാണ് ഭക്തൻ വിശദമാക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. 

വെങ്കിടേശ്വര സ്വാമിയുടെ വിഗ്രഹത്തിൽ 120 കിലോഗ്രാം ഭാരമുള്ള സ്വർണ്ണാഭരണങ്ങൾ അലങ്കരിച്ചിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ ഭക്തൻ 121 കിലോഗ്രാം സ്വർണ്ണം ദാനം ചെയ്യാൻ മുന്നോട്ട് വന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം