രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കി. ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഡൽഹി, മുംബൈ തുടങ്ങിയ വിമാനത്താവളങ്ങളിൽ യാത്രക്കാർ വലയുകയാണ്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാന സർവീസുകൾ താറുമാറായി. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ ഇൻ്റിഗോ റദ്ദാക്കി. നിരവധി സർവീസുകൾ വൈകി. ജീവനക്കാരുടെ കുറവ് ഉൾപ്പെടെ വിവിധ കാരണങ്ങളാണ് പ്രവർത്തനം തടസപ്പെടാൻ കാരണമെന്നാണ് വിവരം. അതേസമയം സംഭവത്തിൽ കേന്ദ്ര ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധിക്കുള്ള കാരണങ്ങൾ, വിമാനങ്ങൾ റദ്ദാക്കുന്നതിനും വൈകുന്നതിനും ഇടയാക്കിയ സാഹചര്യം, പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ എന്തൊക്കെയെന്ന് വിശദീകരിക്കാൻ ഡിജിസിഎ ഇൻഡിഗോക്ക് നിർദേശം നൽകി.
വിമാനത്താവളങ്ങളിൽ യാത്രക്കാർ വലഞ്ഞു, വിശദീകരണവുമായി ഇൻ്റിഗോ
വിമാനങ്ങൾ റദ്ദാക്കുകയും മണിക്കൂറുകളോളം വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായാണ് പ്രതിസന്ധി. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ സ്ഥിതി രൂക്ഷമായിരുന്നു. പ്രതിദിനം ഏകദേശം 2,300 ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയാണ് ഇൻ്റിഗോ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കമ്പനി വലിയ പ്രതിസന്ധി നേരിടുന്നുവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഇൻ്റിഗോ അറിയിച്ചു. ഷെഡ്യൂൾ മാറ്റം, സാങ്കേതിക തകരാർ, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ക്രൂ റോസ്റ്ററിങ് നിയമം പുതുക്കിയത് തുടങ്ങി അപ്രീതീക്ഷിതമായ പല കാരണങ്ങളും പ്രതിസന്ധിക്ക് കാരണമായെന്ന് ഇൻ്റിഗോ വക്താവ് വിശദീകരിച്ചു.
പ്രതിസന്ധിക്ക് കാരണം നിയമന മരവിപ്പിക്കലെന്ന് എഫ്ഐപി
ഇൻഡിഗോയുടെ നിയമന മരവിപ്പിക്കലാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യ പൈലറ്റ്സ് (എഫ്ഐപി) കുറ്റപ്പെടുത്തി. അതേസമയം പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം നൽകുന്നത് ലക്ഷ്യമിട്ടുള്ള സർക്കാരിന്‍റെ പുതിയ നിയന്ത്രണങ്ങളാണ് ആവശ്യത്തിന് പൈലറ്റുമാരില്ലാത്ത അവസ്ഥയ്ക്ക് കാരണമെന്ന് വിമാനത്താവള വൃത്തങ്ങൾ പറഞ്ഞതായി ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്തു. ജൂലൈ, നവംബർ മാസങ്ങളിലായി പ്രാബല്യത്തിൽ വന്ന ഈ നിയമങ്ങൾ വിമാനക്കമ്പനികൾക്ക് ഫ്ലൈറ്റ് ഷെഡ്യൂൾ പാലിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോർട്ട്.
റദ്ദാക്കിയ വിമാനങ്ങളുടെ കണക്ക്
വിവിധ വിമാനത്താവളങ്ങളിലായി 100-ലധികം ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്.
- ബാംഗ്ലൂർ: 42 വിമാനങ്ങൾ
- ഡൽഹി: 38 വിമാനങ്ങൾ
- മുംബൈ: 33 വിമാനങ്ങൾ
- ഹൈദരാബാദ്: 19 വിമാനങ്ങൾ
സർവീസുകൾ ഉടൻ സാധാരണ നിലയിലാക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനുമുള്ള ശ്രമം കമ്പനി നടത്തുന്നതായാണ് വിവരം.


