നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവും ആണ് കാറിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു മുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവും ആണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ഉടൻതന്നെ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. പുക ഉയരുന്നത് കണ്ട ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ ഓടിയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെ ഉടൻ പുറത്തിറക്കാനായതിനാൽ അപകടമൊഴിവാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

സംഭവത്തിൽ കാറിന്റെ ഉൾവശത്ത് സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട് കാറിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് ഓടിയെത്തിയത്. അപ്പോഴേയ്ക്കും തീ പെട്ടെന്ന് പടരുകയായിരുന്നു. ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കാനായെന്നും ഉദ്യോഗസ്ഥർ പറയുന്നത്. സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസറായ സനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ്, സന്തോഷ് കുമാർ, പ്രദീപ്, രതീഷ്, സാജൻ, രഹില്‍ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം