യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ‘ഇൻഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയുക’ എന്ന തലക്കെട്ടോടെയാണ് വിമാനത്താവളത്തിലെ കസ്റ്റമർ സപ്പോർട്ട് ഇ-മെയിലിൽ രാവിലെ 05.25ന് സന്ദേശം ലഭിച്ചത്.
മുംബൈ: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. 1984ലെ മദ്രാസ് വിമാനത്താവള ശൈലിയിലുള്ള സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. ശനിയാഴ്ച പുലർച്ചെയാണ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ‘ഇൻഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയുക’ എന്ന തലക്കെട്ടോടെയാണ് വിമാനത്താവളത്തിലെ കസ്റ്റമർ സപ്പോർട്ട് ഇ-മെയിലിൽ രാവിലെ 05.25ന് സന്ദേശം ലഭിച്ചത്.
നവംബർ 1ന് ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ 6E 68 വിമാനത്തിനാണ് സുരക്ഷാ ഭീഷണി ഉണ്ടായതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഭീഷണി കണക്കിലെടുത്ത്, വിമാനം ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടാനും എയർ ട്രാഫിക് കൺട്രോൾ വഴി വിമാനത്തിന്‍റെ ക്യാപ്റ്റനെ വിവരമറിയിക്കാനും തീരുമാനിക്കുകയായിരുന്നു.
എയർലൈൻസിന്‍റെ വിവരങ്ങൾ പ്രകാരം മുംബൈ വിമാനത്താവളത്തിൽ വിമാനത്തിൽ ആവശ്യമായ സുരക്ഷാ പരിശോധനകൾ നടത്തി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിയതായി എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ്റഡാർ 24 എന്ന ഏവിയേഷൻ ട്രാക്കർ പറയുന്നതനുസരിച്ച്, രാവിലെ 9.10-ന് ഹൈദരാബാദിൽ ലാൻഡിംഗ് ചെയ്യേണ്ടിയിരുന്ന വിമാനം ഭീഷണിയെ തുടർന്നാണ് മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടത്. പരിശോധനകൾക്ക് ശേഷം വിമാനം പുറപ്പെടുകയും ഏകദേശം വൈകുന്നേരം 4 മണിയോടെ ഹൈദരാബാദിൽ എത്തുകയും ചെയ്തു.
യാത്രക്കാർക്ക് ലഘുഭക്ഷണം നൽകിയും കൃത്യമായ വിവരങ്ങൾ പങ്കുവെച്ചും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ശ്രമിച്ചതായി എയർലൈൻ കൂട്ടിച്ചേർത്തു. തങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് മുൻഗണനയെന്ന് എയർലൈൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
