ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ധ്രുവ് റാഠി വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
ദില്ലി: സിഖ് സംഘടനകളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് തന്‍റെ പുതിയ വീഡിയോ പിന്‍വലിച്ച് ധ്രുവ് റാഠി. 'The Sikh Warrior Who Terrified the Mughals'എന്ന വീഡിയോയാണ് പിന്‍വലിച്ചിരിക്കുന്നത്. ശിരോമണി അകാലിദള്‍ (എസ്എഡി), ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റി (എസ്ജിപിസി) തുടങ്ങിയ സംഘടനകളാണ് 24 മിനിറ്റും 37 സെക്കന്‍റും ദൈര്‍ഘ്യമുണ്ടായിരുന്ന വീഡിയോയ്ക്കെതിരെ വലിയ എതിര്‍പ്പുമായി രംഗത്തെത്തിയത്. വീഡിയോയില്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും സിഖ് ഗുരുക്കന്‍മാരെ എഐ ഫോര്‍മാറ്റില്‍ നിര്‍മ്മിച്ചത് അനുചിതമാണെന്നുമാണ് എതിര്‍പ്പുന്നയിക്കുന്നവരുടെ ഒരു വാദം.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ധ്രുവ് റാഠി വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ സിഖ് ഗുരുക്കന്മാരെയും രക്തസാക്ഷികളേയും ആനിമേഷനില്‍ കൂടി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സിഖ് വിഭാഗത്തിന് ചരിത്രം പഠിക്കാന്‍ ധ്രുവ് റാഠിയെ പോലുള്ളവരുടെ എഐ അധിഷ്ഠിത വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലെന്നാണ് സംഘടനകളുടെ നിലപട്. സമൂഹത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഇത്തരം വീഡിയോകള്‍ എന്ന് ശിരോമണി അകാലിദൾ പ്രസിഡന്‍റ് സുഖ്ബീർ സിങ് ബാദല്‍ പ്രതികരിച്ചു. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ധ്രുവ് വീഡിയോ പിന്‍വലിക്കുകയായിരുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വീഡിയോ പിന്‍വലിക്കുന്ന വിവരം ധ്രുവ് പങ്കുവെച്ചത്. 'വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ സിഖ് ഗുരുക്കന്‍മാരുടെ ആനിമേറ്റഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന കാഴ്ചപാട് ചിലര്‍ക്കുണ്ട് അതിനാല്‍ വീഡിയോ പിന്‍വലിക്കാന്‍ തീരുമാനിച്ചു' എന്നാണ് ധ്രുവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിച്ചിട്ടുള്ളത്.


