ടിവികെ അധ്യക്ഷൻ വിജയ് സ്വപ്നലോകത്താണെന്നും നാല് സീറ്റ് പോലും കിട്ടില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ പരിഹസിച്ചു. എന്നാൽ 234 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്, തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് വിജയ് ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്.

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യെ പരിഹസിച്ച് കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ. വിജയ് സ്വപ്നലോകത്താണെന്ന് മന്ത്രി പറഞ്ഞു. വിജയ്‍യുടെ പാർട്ടിക്ക് നാല് സീറ്റ് പോലും കിട്ടില്ല. കുറച്ചു വോട്ട് കിട്ടിയേക്കും. വിജയ്ക്ക് തമിഴ്നാടിനെ കുറിച്ചോ തമിഴ് സംസ്കാരത്തെ കുറിച്ചോ അറിയില്ല. പല സിനിമക്കാരെയും തിരസ്കരിച്ചതാണ് തമിഴ്നാടിന്‍റെ പാരമ്പര്യം. ആരാധകർക്കിടയിൽ വിജയ്ക്ക് ജനപ്രീതിയുണ്ടെങ്കിലും അത് വോട്ടായി മാറണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം ജി രാമചന്ദ്രൻ, ജെ ജയലളിത തുടങ്ങിയ നേതാക്കൾ പതിറ്റാണ്ടുകളുടെ പൊതുസേവനത്തിനും രാഷ്ട്രീയ പരിചയത്തിനും ശേഷമാണ് അധികാരത്തിലെത്തിയതെന്ന് പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. വിജയ്ക്ക് കുറച്ച് വോട്ടുകൾ ലഭിച്ചേക്കാമെങ്കിലും മൂന്നോ നാലോ സീറ്റ് നേടുക എന്നതു പോലും പ്രയാസകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

234 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ

അതേസമയം 234 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോവുകയാണ് വിജയ്. വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും. സി ജോസഫ് വിജയ് എന്നാണ് ചെന്നൈയിൽ നടന്ന റാലിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകൻ കരൂരിൽ സ്ഥാനാർഥിയാണ്. കരൂർ ദുരന്തത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവാണ് അദ്ദേഹം. വില്ലിവാക്കം - ആധവ് അർജുന, ഗോപിചെട്ടിപാളയം - കെ എ സെങ്കോട്ടയ്യൻ, തിരുച്ചെങ്കോട് - അരുൺരാജ്‌ ഐആഎസ്, തിരുപ്പരൻകുന്ത്രം - സിടിആർ നിർമൽകുമാർ, ടി നഗർ- ബുസി ആനന്ദ് എന്നിവരാണ് മത്സരിക്കുന്ന മറ്റു പ്രമുഖർ. മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു.

വെറുതെ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിക്കുന്നതല്ലെന്ന് വിജയ് വ്യക്തമാക്കി. ജനങ്ങളുടെ സംരക്ഷകരുടെ പേരുകൾ പ്രഖ്യാപിക്കുന്ന യോഗമാണിത്. ടിവികെ സ്ഥാനാർത്ഥികൾ സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. അവർ കൊള്ളയടിക്കുന്നവരോ അഴിമതിക്കാരോ അല്ലെന്നും വിജയ് അവകാശപ്പെട്ടു. ടിവികെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ കണ്ട് എല്ലാ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകണം. തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. ലഹരി ഇല്ലാത്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിനു 20 ലക്ഷം രൂപ എന്നിങ്ങനെയെല്ലാമാണ് വിജയ്‍യുടെ ഗ്യാരണ്ടികൾ. വിസിലിന് വോട്ട് ചെയ്യുക എന്നാണ് തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.