യുവാക്കൾ ടാങ്കിലിറങ്ങി കുളിക്കുന്നത് വഴി പലതരം ത്വക്ക് രോഗങ്ങളും അണുബാധകളും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കാനുള്ള ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്
മുസാഫർനഗർ: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാൻ കുടിവെള്ള സംഭരണി സ്വിമ്മിംഗ് പൂളാക്കി യുവാക്കൾ. 200 അടി ഉയരത്തിലെ 'സ്വിമ്മിംഗ് പൂളി'ന് താഴെ ആശങ്കയോടെ നാട്ടുകാർ. ഉത്തർ പ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുധാന എന്ന സ്ഥലത്താണ് യുവാക്കളുടെ കടുംകൈ. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനമാണ് യുവാക്കൾക്ക് നേരെ ഉയരുന്നത്. രണ്ട് യുവാക്കൾ ഏകദേശം 200 അടി ഉയരമുള്ള ഒരു ഭീമൻ വാട്ടർ ടാങ്കിന് മുകളിൽ കയറിയിരിക്കുന്നത് വൈറലായ വീഡിയോയിൽ വ്യക്തമാണ്. ഗ്രാമത്തിലേക്ക് മുഴുവൻ കുടിവെള്ളം എത്തിക്കുന്ന ഈ ടാങ്കിനെ യുവാക്കൾ ഒരു 'സ്വിമ്മിംഗ് പൂൾ' പോലെയാണ് ഉപയോഗിക്കുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇത്രയും ഉയരത്തിൽ ഇവർ കാണിക്കുന്ന നടപടി കാഴ്ചക്കാരിൽ ഭയം ജനിപ്പിക്കുന്നതാണ്. ഈ ടാങ്കിന് 200 മുതൽ 300 അടി വരെ ഉയരമുണ്ടെന്നാണ് പ്രദേശവാസികളുടെ പ്രതികരണം
അപകടത്തിന്റെ മാത്രം കാര്യമല്ലെന്നും ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും ആരോഗ്യത്തിന്റെ കൂടി പ്രശ്നമാണെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. കുടിവെള്ള സ്രോതസ്സ് ഇങ്ങനെ മലിനമാക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. ഗ്രാമത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ കുടിക്കാനും പാചകം ചെയ്യാനും ഈ ടാങ്കിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ, യുവാക്കൾ ടാങ്കിലിറങ്ങി കുളിക്കുന്നത് വഴി പലതരം ത്വക്ക് രോഗങ്ങളും അണുബാധകളും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കാനുള്ള ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. പൊതുമുതൽ ഇത്ര നിരുത്തരവാദപരമായി ഉപയോഗിക്കുന്നത് നാട്ടുകാരെ പ്രകോപിതരാക്കിയിട്ടുണ്ട്.
ഇത്രയും ഉയരമുള്ള ടാങ്കിന് മുകളിൽ കയറുമ്പോൾ കാൽ വഴുതിയിരുന്നെങ്കിൽ വലിയൊരു ദുരന്തം തന്നെ സംഭവിച്ചേനെ. ഇത്തരം പ്രവൃത്തികൾ യുവാക്കളുടെ ജീവന് ഭീഷണിയാകുമെന്ന് മാത്രമല്ല, ഒരു സമൂഹത്തിന്റെ മുഴുവൻ സമാധാനവും തകർക്കുമെന്നുമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലേറെയും. വീഡിയോ വൈറലായതോടെ, ഭരണകൂടത്തിനെതിരെയും ജനങ്ങൾ തിരിഞ്ഞിട്ടുണ്ട്. ഇത്രയും വലിയൊരു വാട്ടർ ടാങ്കിന് കൃത്യമായ സുരക്ഷയില്ലാത്തതും ആർക്കും എളുപ്പത്തിൽ മുകളിൽ കയറാൻ കഴിയുന്നതും അധികൃതരുടെ അനാസ്ഥയാണ് കാണിക്കുന്നതെന്ന് അവർ പറയുന്നു.
പൊലീസ് വീഡിയോയിലുള്ള ഈ യുവാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സ്വത്ത് ദുരുപയോഗം ചെയ്തതിനും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തിയതിനും ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വാട്ടർ ടാങ്കുകൾക്ക് ചുറ്റും വേലി കെട്ടി സുരക്ഷ ശക്തമാക്കണമെന്നും ജനങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.


