അധികാരത്തിന്‍റെ ഇടനാഴികളിലേക്ക് കയറാന്‍ കുതിര ശക്തി ആവശ്യമില്ലെന്ന് ഡികെ ശിവകുമാര്‍. പക്ഷേ, ഇലക്ട്രിക്ക് സൈക്കിളിന് അത് ആവശ്യമാണെന്ന് നെറ്റിസണ്‍സ്.

ഇന്ന് രാവിലെ സൈക്കിൾ സഫാരിക്കിടെ ബെംഗളൂരുവിലെ വിധാൻ സൗധയ്ക്ക് മുന്നിലെത്തിയ ഡികെ ശിവകുമാറിന് അടിപതറി. അദ്ദേഹം സൈക്കിളില്‍ നിന്നും വിധാൻ സൗധയുടെ പടിയിലേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ അപകടമൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സൈക്കിളില്‍ നിന്നും ഇറങ്ങിയ ഡികെ ശിവകുമാറിന് പെട്ടെന്ന് ബാലന്‍സ് നഷ്ടമാവുകയും സൈക്കിൾ മുന്നോട്ട് നീങ്ങി അദ്ദേഹം സംസ്ഥാന നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് വീഴുകയുമായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ രസകരമായ കുറിപ്പുകളിലൂടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. വിധാൻ സൗധയിലേക്ക് സൈക്കിൾ ചവിട്ടുന്ന തന്‍റെ ഒരു ഫോട്ടോ എക്‌സിൽ ശിവകുമാർ പങ്കുവച്ചിരുന്നു. 'അധികാരത്തിന്‍റെ ഇടനാഴികളിൽ, ഞാൻ ഒരു സൈക്കിൾ തെരഞ്ഞെടുത്തു, കാരണം പുരോഗതിക്ക് എല്ലായ്പ്പോഴും കുതിരശക്തി ആവശ്യമില്ല, ജനങ്ങളുടെ ശക്തി മാത്രം മതി' എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. അതേ സമയം അദ്ദേഹം വിലകൂടിയ ലൂയി വിറ്റൺ ഷോളാണ് ധരിച്ചിരുന്നത്. ഇത് കണ്ടെത്തിയ സമൂഹ മാധ്യമ ഉപയോക്താക്കൾ ഡികെയ്ക്കെതിരെ തിരിഞ്ഞു. ' സാറിന് സൈക്കിൾ ചവിട്ടുമ്പോഴും ലൂയി വിറ്റണ്‍ ദുപ്പട്ട തന്നെ ധരിക്കേണ്ടി വന്നല്ലോ' എന്നായിരുന്നു ഒരു കുറിപ്പ്. അദ്ദേഹത്തിന് ധാരാളം ലൂയി വിറ്റണ്‍ ദുപ്പട്ടകളുണ്ടെന്ന് മറ്റൊരാൾ കുറിച്ചു.

Scroll to load tweet…

മറ്റ് ചിലര്‍ ബെംഗളൂരുവിന്‍റെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കാന്‍ ഈയവസരം ഉപയോഗിച്ചു. 'സാധാരണക്കാരായ നമുക്ക് എപ്പോഴാണ് നമ്മുടെ യാത്രയ്ക്കായി സൈക്കിൾ ഉപയോഗിക്കാൻ അല്ലെങ്കിൽ നടക്കാൻ പോലുമുള്ള സുരക്ഷിതത്വം തോന്നുക? ' ഒരു കാഴ്ചക്കാരന്‍ എഴുതി. 'സൈക്കിൾ ചവിട്ടി പെട്ടെന്ന് എത്താന്‍ അധികാര ഇടനാഴികളിൽ എന്തെങ്കിലും ജോലികൾ നടക്കുന്നുണ്ടോ?' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചത്. സാധാരണക്കാര്‍ക്കായി നിര്‍മ്മിച്ച അതിശയകരമായ വഴികളിലൂടെ സൈക്കിളിംഗ് നടത്താനായിരുന്നു ചിലര്‍ പരിഹാസരൂപേണ ആവശ്യപ്പെട്ടത്. മറ്റൊരു കാഴ്ചക്കാരനെഴുതിയത്. നിങ്ങൾ ഓടിച്ച ഇലക്ട്രിക് സൈക്കിളിന് കുതിര ശക്തി ആവശ്യമുണ്ടെന്നായിരുന്നു.