Asianet News MalayalamAsianet News Malayalam

'തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ, നിശബ്ദനായിരിക്കാൻ തയ്യാറല്ല': ഡി കെ ശിവകുമാർ

'മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല'- ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

dk shivakumar says if he have done wrong hang him
Author
Bengaluru, First Published Oct 27, 2019, 2:43 PM IST

ബെംഗളൂരു: തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് കർണാടക കോൺ​ഗ്രസ് നേതാവ് ഡി കെ ശിവകുമാർ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ തൂക്കി കൊന്നോളൂവെന്നും ശിവകുമാർ പറഞ്ഞു. താൻ ഒരു ഘട്ടത്തിലും ആരേയും വഞ്ചിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ കേസ് സംബന്ധിച്ച വസ്തുതകളും രേഖകളും പുറത്തുവരുമെന്നും ശിവകുമാർ പറഞ്ഞു. 

'എന്റെ സഹോദരനോ ഞാനോ എന്റെ കുടുംബാംഗങ്ങളോ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, ശിക്ഷ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ തെറ്റുകാരനാണെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ. പക്ഷേ, നിശബ്ദനായിരിക്കാൻ ഞാൻ തയ്യാറല്ല'-  ബെംഗളൂരുവിൽ തിരിച്ചെത്തിയതിന് ശേഷം ശിവകുമാർ പറഞ്ഞു.

'മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല'- ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡി കെ ശിവകുമാറിന് ജാമ്യം; രാജ്യം വിട്ടുപോകരുതെന്ന് വ്യവസ്ഥ
 
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി ഹൈക്കോടതിയാണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം. ജയില്‍മോചിതനായി ബെംഗളൂരുവിലെത്തിയ ഡി കെ ശിവകുമാറിന് വന്‍ സ്വീകരണമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ബെംഗളൂരു വിമാനത്താവളം മുതല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൂക്കള്‍ വാരിവിതറിയും  ആപ്പിള്‍ മാലയൊരുക്കിയുമാണ് സ്വീകരിച്ചത്.

സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റില്‍, അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തിരുന്നു. സുഹൃത്തായ വ്യവസായിയുടേതാണ് പണമെന്നായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് ആദ്യം സംഭവത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ശിവകുമാറിന്‍റെ വിവിധ വസതികളില്‍ റെയ്‍ഡ് നടത്തി. അവിടങ്ങളില്‍ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ശിവകുമാറിന്റെ മകളേയും ഭാര്യയേയും കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios