ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്ന കാര്യത്തിൽ ഗവർണറുടെ തീരുമാനം നീളുന്നത് മനുഷത്വരഹിതമെന്ന് ഡിഎംകെ. സർക്കാർ ശുപാർശ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് അയച്ചു. പ്രതികളുടെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ഡിഎംകെയ്ക്ക് പുറമേ പിഎംകെയും ഗവർണർക്ക് കത്ത് നൽകി. തീരുമാനം നീളുന്നതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

പേരറിവാളനും നളിനിയും ഉൾപ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സർക്കാരിൻ്റെ ശുപാർശ. പ്രതികളെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014 ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്.  സിബിഐ അന്വേഷിച്ച കേസില്‍ നിയമതടസങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ തീരുമാനം വൈകിയത്.  കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോൾ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്.