കോൺഗ്രസുമായുള്ള ഭിന്നതയെ തുടർന്ന് ജൂൺ എട്ടിന് നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. തമിഴ്‌നാട് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം

ദില്ലി: ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന് ഡി എം കെയുടെ വക വൻ പ്രഹരം. ജൂൺ എട്ടിന് നടക്കാനിരിക്കുന്ന യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഡി എം കെ തീരുമാനിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നും ഡി എം കെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കോൺഗ്രസിന്റെ നിലപാടുകളിൽ പാർട്ടി പ്രവർത്തകർക്ക് കടുത്ത അമർഷവും വേദനയുമുണ്ടെന്നും അവരുടെ വികാരങ്ങളെ മാനിച്ചാണ് ജൂൺ എട്ടിലെ യോഗത്തിലേക്കുള്ള ക്ഷണം നിരസിക്കുന്നതെന്നും ഡി എം കെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യ സഖ്യത്തിന്‍റെ നെടുംതൂൺ ഇനിയില്ല

ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതൽ അതിന്റെ ശക്തമായ നെടുംതൂണായി പ്രവർത്തിച്ചിരുന്നത് ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആയിരുന്നുവെന്നും സഖ്യ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് എല്ലാ കക്ഷികൾക്കും ബോധ്യമുള്ള കാര്യമാണെന്നും പാർട്ടി ഓർമ്മിപ്പിച്ചു. കോൺഗ്രസ് നയിക്കുന്ന കൂട്ടായ്മയോടുള്ള വിയോജിപ്പ് കാരണം യോഗത്തിൽ നിന്നും മാറിനിൽക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡി എം കെ വിശദീകരിച്ചു. സഖ്യത്തിലെ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങൾക്ക് ഡി എം കെയുടെ പൂർണ്ണ പിന്തുണയും ശബ്ദവും തുടർന്നും ഉണ്ടാകുമെന്നും തങ്ങൾ ഉയർത്തിയ പോരാട്ടങ്ങളിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.