പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികൾ സ്കൂളുകളിലേക്ക് വന്നാൽ രക്ഷിതാക്കളെ അറിയിച്ച ശേഷം വീടുകളിലേക്ക് തിരിച്ചയക്കണമെന്നാണ് നിർദേശം. 

ബംഗളുരു: സ്കൂളുകൾ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് സുപ്രധാന അറിയിപ്പുമായി കർണാടക സർക്കാർ. കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

കൊവിഡ് സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് കമ്മീഷണർ പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ മേയ് 26ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനങ്ങൾ പ്രകാരമാണ് ഈ സ‍ർക്കുലർ. പനിയും ചുമയും ജലദോഷവും മറ്റ് രോഗലക്ഷങ്ങളും ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുത്. മറിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം പരിചരണ ഉറപ്പാക്കുകയും വേണമന്നാണ് പ്രധാന നിർദേശം. രോഗലക്ഷണങ്ങൾ പൂർണമായി മാറിയ ശേഷമേ കുട്ടിയെ സ്കൂളിലേക്ക് വിടാവൂ എന്നും നി‍ർദേശിച്ചിട്ടുണ്ട്.

കുട്ടികൾ പനിയും ചുമയും ജലദോഷവും പോലുള്ള ലക്ഷണങ്ങളുമായി സ്കൂളിലേക്ക് വന്നാൽ അവരുടെ രക്ഷിതാക്കളെ വിവരം അറിയിച്ച് കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കണമെന്ന് സ്കൂളുകളോടും നിർദേശിച്ചു. അധ്യാപകർക്കോ അനധ്യാപക ജീവനക്കാർക്കോ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ശരിയായ വിധത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കണം. കൈ കഴുകുന്നത് പോലുള്ള വ്യക്തിശുചിത്വ നടപടികൾ സ്വീകരിക്കേണ്ടതിന്റെആവശ്യകതയും സർക്കുലർ വിശദീകരിക്കുന്നുണ്ട്. 

വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ ഇപ്പോൾ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ പ്രകാരം ആകെ 2710 കൊവിഡ് രോഗികളാണ് ഇപ്പോൾ രാജ്യത്തുള്ളത്. കേരളം, മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേർക്ക് കൊവിഡ് ബാധിച്ചിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം