തിരക്ക് നിയന്ത്രാണാതീതമായതിനാൽ അയോധ്യയിലേക്ക് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച മാത്രം മൂന്ന് ലക്ഷം ആളുകളാണ് ക്യൂനിന്നത്.
ദില്ലി: മാർച്ചുവരെയെങ്കിലും അയോധ്യരാമക്ഷേത്രത്തിൽ സന്ദർശനം നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റ് കേന്ദ്രമന്ത്രിമാരോടാവശ്യപ്പെട്ടതായി റിപ്പോർട്ട്. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം മന്ത്രിമാരോടാവശ്യപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ക്ഷേത്രത്തിലെ തിരക്കും വിഐപികൾ സന്ദർശിക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ അഭ്യർഥന. പ്രാണപ്രതിഷ്ഠക്ക് ശേഷം ഏകദേശം അഞ്ച് ലക്ഷം പേരെങ്കിലും അയോധ്യ ക്ഷേത്രം സന്ദർശിച്ചെന്നാണ് റിപ്പോർട്ട്. തിരക്ക് നിയന്ത്രാണാതീതമായതിനാൽ അയോധ്യയിലേക്ക് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച മാത്രം മൂന്ന് ലക്ഷം ആളുകളാണ് ക്യൂനിന്നത്.
അതേസമയം, വിഐപികൾ സന്ദർശിക്കുന്നുവെങ്കിൽമുൻകൂട്ടി അറിയിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. അയോധ്യയിൽ ഭക്തരുടെ വൻ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. വിഐപികൾ അവരുടെ സന്ദർശനം ഷെഡ്യൂൾ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് സംസ്ഥാന സർക്കാരിനെയോ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനെയോ അറിയിക്കണമെന്ന് ആദിത്യനാഥ് നിർദ്ദേശിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Read More.... അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി; 'ബുൾഡോസർ' പ്രയോഗവുമായി മഹാരാഷ്ട്ര
രാജ്യത്തുടനീളമുള്ള നിരവധി ഭക്തർ തങ്ങളുടെ ആരാധനാമൂർത്തിയായ ഭഗവാൻ ശ്രീരാമനെ ഒരു നോക്ക് കാണാൻ അയോധ്യാധാമിലേക്ക് ഒഴുകുന്നു. അസാധാരണമായ തിരക്ക് കണക്കിലെടുത്ത്, വിഐപികളും വിശിഷ്ട വ്യക്തികളും സന്ദർശനത്തിന് എത്തുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
