60വയസുകാരനായ കേദാവത് ജാഗെയ്യ നായിക്കിനെ ഞായറാഴ്ച രാവിലെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ജീവന്‍ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു 40കാരനായ ഡോക്ടര്‍ ലക്ഷ്മണനും മറ്റ് രണ്ട് ആശുപത്രി ജീവനക്കാരും. 

ഹൃദയാഘാതം (heart attack) വന്ന രോഗിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഹൃദയാഘാതം (cardiac arrest) വന്ന് ഡോക്ടര്‍ മരിച്ചു. തെലങ്കാനയിലെ (Telangana) കമറെഡ്ഡി ജില്ലയിലെ ഗന്ധാരി മണ്ഡലിലെ നഴ്സിംഗ് ഹോമിലാണ് സംഭവം. 40കാരനായ ഡോക്ടറും 60കാരനായ രോഗിയും മരിച്ചു. 60വയസുകാരനായ കേദാവത് ജാഗെയ്യ നായിക്കിനെ ഞായറാഴ്ച രാവിലെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.

ഇയാളുടെ ജീവന്‍ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു 40കാരനായ ഡോക്ടര്‍ ലക്ഷ്മണനും മറ്റ് രണ്ട് ആശുപത്രി ജീവനക്കാരും. എന്നാല്‍ ഇതിനിടെ ഐസിയുവില്‍ ഡോക്ടര്‍ ലക്ഷ്മണ്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിന് പിന്നാലെ കേദാവത് ജാഗെയ്യ നായിക്കിന്‍റെയും അവസ്ഥ മോശമാവുകയായിരുന്നു.

മറ്റൊരു ആശുപത്രിയിലേക്ക് നായിക്കിനെ വീട്ടുകാര്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശവാസികള്‍ക്ക് ഏറെ പ്രിയങ്കരനായ ഡോക്ടറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നിസാമബാദ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായും ഡോക്ടര്‍ ലക്ഷ്മണ്‍ സേവനം ചെയ്തിട്ടുണ്ട്. 


ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് വിശദമാക്കുന്നത്. 2019ല്‍ മാത്രം ഒന്നരക്കോടിയിലധികം പേരാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരിച്ചതെന്ന് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തുന്നു. ഈ ആറ് അവയവങ്ങളിലെ വേദന ശ്രദ്ധിക്കുക, ഒരുപക്ഷേ ഹാര്‍ട്ട് അറ്റാക്ക് സൂചനയാവാം.

ഒന്ന്...
നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായി വരുന്നത്. 

രണ്ട്...
നെഞ്ചുവേദന പോലെ തന്നെ നടുവേദനയും ഹൃദയാഘാത ലക്ഷണമായി വരാം. അധികവും സ്ത്രീകളിലാണ് ഇത് ലക്ഷണമായി വരാറെന്ന് 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' ചൂണ്ടിക്കാട്ടുന്നു. 

മൂന്ന്...
കീഴ്ത്താടിയുടെ ഭാഗങ്ങളിലും ഹൃദയാഘാത ലക്ഷണമായി വേദന വരാം. പ്രത്യേകിച്ച് ഇടതുഭാഗത്താണ് ഈ വേദന അനുഭവപ്പെടുക. ഇതിനൊപ്പം തന്നെ ശ്വാസതടസം, അസാധാരണമായ വിയര്‍പ്പ്, ഓക്കാനം പോലുള്ള പ്രശ്‌നങ്ങളും കാണാം. 

നാല്...
രക്തം കട്ട പിടിച്ചത് മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ ഭാഗമായി കഴുത്തിലും വേദന അനുഭവപ്പെടാം. നെഞ്ചില്‍ നിന്ന് തുടങ്ങുന്ന വേദന കഴുത്തിലേക്ക് പടരുകയാണ് ചെയ്യുന്നത്. 

അഞ്ച്...
കഴുത്തുവേദന, കീഴ്ത്താടിയിലെ വേദന എന്നിവയ്‌ക്കൊപ്പം തന്നെ ചിലരില്‍ ഹൃദയാഘാതത്തിന്റെ ഭാഗമായി തോള്‍ഭാഗത്തും വേദന അനുഭവപ്പെടാം. 

ആറ്...
ചിലരില്‍ ഇടതുകയ്യിലും ഹൃദയാഘാതത്തിന്റെ ഭാഗമായി വേദന വരാം. ഇതും രക്തം കട്ട പിടിച്ചത് മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ ഭാഗമായാണ് സംഭവിക്കുക. പെട്ടെന്നുണ്ടാകുന്ന അസഹനീയമായ വേദനയാണ് ഈ സാഹചര്യത്തില്‍ അനുഭവപ്പെടുക.