ചെന്നൈ: കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ നിന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആയുഷ് വെല്‍നെസ് കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടാനുള്ളവര്‍ക്കായി നടത്തിയ പരിശീലനത്തിനിടെയാണ് ഹിന്ദി മനസിലാകാത്ത തമിഴ്നാട്ടിലെ ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതെന്നാണ് ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 18 മുതല്‍ 20 വരെ നടന്ന വെബിനാറിന് ഇടയിലാണ് തമിഴ് ഡോക്ടര്‍മാര്‍ക്ക് ദുരനുഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 

'ഹിന്ദി ഒരക്ഷരം മനസിലാവില്ല'; പ്രധാനമന്ത്രിയുമായുള്ള വീഡിയോ മീറ്റിംഗിന് പിന്നാലെ മിസോറാം മുഖ്യമന്ത്രി

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350 പേരാണ് വെബിനാറില്‍ പങ്കെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് 37 പേരാണ് വെബിനാറിനായി എത്തിയത്. ഇവരില്‍ ആര്‍ക്കും ഹിന്ദി അറിയില്ലായിരുന്നു. എന്നാല്‍ വെബിനാറിലെ ഭൂരിഭാഗം സെഷനുകളിലേയും ഭാഷാ മാധ്യമം ഹിന്ദിയായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കുന്നത്. മൂന്നാം ദിവസം ആയുഷ് മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് കോട്ടേച്ചാ ഹിന്ദിയില്‍ പ്രഭാഷണം തുടങ്ങി. മനസിലാവാതെ വന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അഭ്യര്‍ത്ഥിച്ചതോടെയാണ് വെബിനാറില്‍ നിന്ന് പുറത്ത് പോകാന്‍ രാജേഷ് കോട്ടേച്ചാ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. 

കനിമൊഴിയുടെ പരാതി: വിമാനത്താവളങ്ങളിൽ ഇനി പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗസ്ഥരുണ്ടാകുമെന്ന് സിഐഎസ്എഫ്

തനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ല. അതിനാല്‍ ഹിന്ദിയില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കു. നിങ്ങള്‍ പുറത്ത് പൊയ്ക്കോളൂവെന്നാണ് രാജേഷ് കോട്ടേച്ചാ അറിയിച്ചതെന്ന് വെബിനാറില്‍ പങ്കെടുത്ത ഡോക്ടര്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. മീറ്റിംഗില്‍ പങ്കെടുത്ത നിങ്ങള്‍ക്ക് അഭിനന്ദനം. എനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല, അതിനാല്‍ ഹിന്ദിയിലാവും സംസാരിക്കുക. താല്‍പര്യമില്ലാത്തവര്‍ക്ക് പുറത്ത് പോകാമെന്ന ആയുഷ് മന്ത്രാലയ സെക്രട്ടറിയുടെ പേരിലുള്ള ഓഡിയോ ക്ലിപ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മനസിലാവാത്ത ഭാഷയില്‍ ഇത്തരത്തില്‍ വെബിനാര്‍ നടത്തുന്നതിന്‍റെ അര്‍ത്ഥമെന്താണെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. നിര്‍ബന്ധിച്ച് ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് ഡോക്ടര്‍മാരുടെ പരാതി. 

'ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ലേ'; കനിമൊഴിയുടെ പരാതിയിൽ ഉദ്യോ​ഗസ്ഥയ്ക്കെതിരെ സിഐഎസ്എഫ് അന്വേഷണം