ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്ന് വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു. 

തിരുവനന്തപുരം: ​ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ. ആക്രമണവുമായി പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്ന് വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു. ഹൂതികളുടെ പ്രവർത്തനങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും അലി ബഘേരി ചൂണ്ടിക്കാട്ടി. ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നെന്ന് അമേരിക്ക ആരോപണമുന്നയിച്ചിരുന്നു. മം​ഗലാപുരത്തേക്ക് വന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത് ഇന്നലെയാണ്. 

അതേ സമയം, കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്ന് സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെന്റ​ഗൺ പറഞ്ഞു. ആക്രമണം നേരിട്ട കപ്പൽ കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു. കപ്പൽ തിങ്കളാഴ്ച മുംബൈയിലെത്തുമെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു. 

സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കപ്പലിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ല.കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. ഗുജറാത്തിലെ പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 

ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്ക് കപ്പലിന് തകരാര്‍; മുംബൈ തീരത്തേക്ക്, കോസ്റ്റ് ഗാര്‍ഡ് അനുഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്