തിഹാർ: നിർഭയ കേസ് കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇതിനായി ആരാച്ചാരെത്തിയിരുന്നില്ല. ജയിൽ ഉദ്യോഗസ്ഥർ തന്നെയാണ് ഇത് നടത്തിയത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 

കൂടുതൽ വിവരങ്ങൾ: നിർഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്കായി തിഹാർ ജയിൽ നടപ്പിലാക്കുക ഈ അഞ്ചു കാര്യങ്ങൾ

കേസില്‍ നാല് പ്രതികള്‍ക്കും ദില്ലി പട്യാല ഹൗസ് കോടതി ജനുവരി ഏഴിന് കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കുക. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെയാണ് തൂക്കിലേറ്റാൻ പോകുന്നത്. കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ, ആരാച്ചാരെ ആവശ്യപ്പെട്ട് തീഹാര്‍ ജയിലധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന് കത്തയച്ചിരുന്നു. 2013ല്‍ പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയാണ് തീഹാര്‍ ജയിലില്‍ അവസാനമായി നടന്നത്. 

കൂടുതൽ വിവരങ്ങൾ: ആരാച്ചാർക്കുള്ള കയർ ഇഴപിരിച്ച് ചേർക്കുന്ന തടവുകാർ! ബക്സർ ജയിലിലെ തൂക്കു കയറുകളെക്കുറിച്ച്..

2012 ഡിസംബര്‍ 16നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി.  .പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29ന് മരണം സംഭവിച്ചു. 

കൂടുതൽ വിവരങ്ങൾ: നിര്‍ഭയ കേസ്: തുമ്പില്ലാത്ത കേസില്‍ നിന്ന് കഴുമരം വരെ ...