ദില്ലിയിൽ മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ വിമാന സർവ്വീസുകളെയും ബാധിച്ചിട്ടുണ്ട്.

ദില്ലി: ദില്ലിയിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് ഉച്ചയോടെയാണ് ദില്ലിയിലെ കാലാവസ്ഥയിൽ പെട്ടെന്ന് വലിയ മാറ്റമുണ്ടായത്. ഉച്ചയ്ക്ക് 2:30ഓടെ പാലം കാലാവസ്ഥാ സ്റ്റേഷനിൽ മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിലാണ് കാറ്റ് രേഖപ്പെടുത്തിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനുമൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

പൊടിക്കാറ്റിന് പിന്നാലെ ദൃശ്യപരത വൻതോതിൽ കുറഞ്ഞു. അതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിപ്പുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും വീടിനുളളിൽ തുടരണമെന്നും നിർദേശമുണ്ട്. മരങ്ങൾ, വൈദ്യുത തൂണുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്നും ഐഎംഡി നിർദേശിച്ചു. ഇടിമിന്നലുള്ളപ്പോൾ മരങ്ങൾക്കടിയിൽ നിൽക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

ദില്ലിയിലെ പ്രതികൂല കാലാവസ്ഥ വിമാന സർവ്വീസുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ ഷെഡ്യൂൾ പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദ്ദേശിച്ചു. ദീർഘ നേരം കാത്തിരുന്ന് ബുദ്ധിമുട്ടാതിരിക്കാനാണ് ഇത്.

Scroll to load tweet…