ദില്ലിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്
ദില്ലി: ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.
പ്രതിപക്ഷ നിരയിലെ മൂന്ന് പ്രമുഖ പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി നഷ്ടമായത്. 2014, 2019 വർഷങ്ങളിലെ സീറ്റ് നില, വോട്ട് ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബംഗാളിലും സംസ്ഥാനപാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സി പി ഐ ദേശീയ പാർട്ടി അല്ലാതായത്. നിലവിൽ മണിപ്പൂരിലും, കേരളത്തിലും, തമിഴ്നാട്ടിലും മാത്രമാണ് സി പി ഐക്ക് സംസ്ഥാനപാർട്ടി പദവിയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം അനുസരിച്ച് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി എന്ന പദവിയുണ്ടെങ്കിൽ ദേശീയപാർട്ടി സ്ഥാനം ലഭിക്കുകയുള്ളു. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് 4 ലോക്സഭാ സീറ്റുകൾക്ക് പുറമേ 4 സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാലും ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും.
ദില്ലിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പിലും സീറ്റുകൾ നേടിയതോടെ എ എ പി ദേശീയ പാർട്ടി സ്ഥാനം സ്വന്തമാക്കുകയായിരുന്നു. ദേശീയപാർട്ടിയായി എ എ പിയെ ഈ മാസം പതിമൂന്നിനുള്ളിൽ പ്രഖ്യാപിക്കണമെന്ന് കർണാടക ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. ദേശീയ പദവി സ്ഥാനം നഷ്ടമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ സി പി ഐക്ക് തെരഞ്ഞെടുപ്പ് ചിഹ്നമടക്കം നഷ്ടമാകും. ഇതോടെ രാജ്യത്ത് ആറ് പാർട്ടികൾക്ക് മാത്രമാണ് നിലവിൽ ദേശീയ പദവിയുള്ളത്. ബി ജെ പി, കോൺഗ്രസ്, സി പി എം, ബി എസ് പി, എൻ പി പി എന്നിവയാണ് എ എ പിയെ കൂടാതെയുള്ള പാർട്ടികൾ. ആർ എൽ ഡിക്ക് യു പിയിലും, ബി ആർ എസിന് ആന്ധ്രയിലും സംസ്ഥാന പാർട്ടി സ്ഥാനം നഷ്ടമായി. തിപ്ര മോതയ്ക് ത്രിപുരയിൽ സംസ്ഥാന പാർട്ടി സ്ഥാനം ലഭിക്കുകയും ചെയ്തു.
