40 ലക്ഷം രൂപ വിലയുള്ള പിടിയാനയെ മോഷ്ടിച്ച് 27 ലക്ഷം രൂപക്ക് മറിച്ചുവിറ്റു. സെപ്റ്റംബർ 12 ന് ജാർഖണ്ഡിലെ പലാമു ജില്ലയിലെ ചുക്കൂർ പ്രദേശത്ത് നിന്ന് 'ജയമതി' എന്ന പിടിയാനയെ മോഷ്ടിച്ചതായി പൊലീസിൽ പരാതി നൽകിയിരുന്നു
മേദിനിനഗർ (ജാർഖണ്ഡ്): ജാർഖണ്ഡിലെ പലാമു ജില്ലയിൽ നിന്ന് മോഷ്ടിച്ച് 27 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപിക്കപ്പെടുന്ന പിടിയാനയെ ബീഹാറിലെ ചപ്ര ജില്ലയിൽ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയായ നരേന്ദ്ര കുമാർ ശുക്ല, സെപ്റ്റംബർ 12 ന് ജാർഖണ്ഡിലെ പലാമു ജില്ലയിലെ ചുക്കൂർ പ്രദേശത്ത് നിന്ന് 'ജയമതി' എന്ന പിടിയാനയെ മോഷ്ടിച്ചതായി പൊലീസിൽ പരാതി നൽകിയിരുന്നു. റാഞ്ചിയിൽ നിന്ന് 40 ലക്ഷം രൂപയ്ക്കാണ് ശുക്ല ആനയെ വാങ്ങിയതെന്ന് മേദിനിനഗറിലെ എസ്ഡിപിഒ മണിഭൂഷൺ പ്രസാദ് പറഞ്ഞു.
മോഷണ കേസ് സദർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ കാണാതായ ആന ബിഹാറിലെ ചാപ്രയിലെ പഹാദ്പൂരിലുണ്ടെന്ന് സൂചന ലഭിച്ചു. സഹായത്തിനായി ഞങ്ങൾ ബീഹാർ പൊലീസിനോട് അഭ്യർത്ഥിച്ചു. അന്വേഷണത്തിനിടെ ചാപ്രയിൽ നിന്ന് ആനയെ കണ്ടെത്തിയെന്നും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റവാളികളെ പിടികൂടാൻ തിരച്ചിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


