സിക്ക് ലീവ് ആവശ്യപ്പെട്ട് മെസേജ് ചെയ്ത ജീവനക്കാരൻ 10 മിനിറ്റിനകം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പ് വൈറൽ

ദില്ലി : സിക്ക് ലീവ് ആവശ്യപ്പെട്ട് മെസേജ് ചെയ്ത ജീവനക്കാരൻ 10 മിനിറ്റിനകം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന വേദനിപ്പിക്കുന്ന വിവരം എക്സിലൂടെ പങ്കുവെച്ച് ബോസ്. കെ. വി അയ്യർ എന്നയാൾ എക്സിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്. സുഖമില്ലെന്നും അവധി വേണമെന്നും ആവശ്യപ്പെട്ടാണ് ശങ്കർ എന്ന 40 വയസുള്ള ജീവനക്കാരൻ മെസേജ് അയച്ചത്. മെസ്സേജ് അയച്ച് 10 മിനിറ്റിനകം ശങ്കർ ഹൃദയാഘാതം മൂലം മരിച്ചുവെന്നും ഈ വിവരം ഏറെ ഞെട്ടിച്ചുവെന്നുമാണ് കെ. വി അയ്യർ എക്സിൽ പങ്കുവെച്ചത്.

കെ. വി അയ്യർ എക്സിൽ പങ്കുവെച്ച കുറിപ്പ്

'രാവിലെ 8:37-നാണ് നടുവേദന കാരണം അവധി ആവശ്യപ്പെട്ട് ശങ്കർ മെസ്സേജ് അയച്ചത്. ഇതിന് മറുപടിയായി വിശ്രമിക്കാൻ പറഞ്ഞു. പിന്നീട്, രാവിലെ 11 മണിക്ക് ശങ്കർ മരിച്ചെന്ന വിവരം അറിയിച്ചുകൊണ്ട് അയ്യർക്ക് ഒരു ഫോൺ കോൾ വന്നു. തുടക്കത്തിൽ വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് മറ്റൊരു സഹപ്രവർത്തകനെക്കൊണ്ട് വിവരം ഉറപ്പിച്ചതിന് ശേഷം ശങ്കറിന്റെ വീട്ടിലെത്തി. ആറ് വർഷമായി തന്നോടൊപ്പം ജോലി ചെയ്യുന്ന ആരോഗ്യവാനും ഫിറ്റും ആയ ഒരു ജീവനക്കാരനായിരുന്നു ശങ്കറെന്ന് അയ്യർ പറയുന്നു. ഭാര്യയും ഒരു കുട്ടിയുമുള്ള ശങ്കറിന് പുകവലിയോ മദ്യപാനമോ ശീലമില്ലായിരുന്നു. രാവിലെ 8:37-ന് അവധിക്ക് മെസ്സേജ് അയച്ച ശങ്കർ 8:47-ന് മരിച്ചെന്നറിഞ്ഞപ്പോൾ ഞെട്ടിച്ചുവെന്നും ജീവിതം എത്ര അപ്രതീക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടാണ് അയ്യർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ആളുകളോട് ദയയോടെ പെരുമാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.