കാർവാർ എംഎൽഎ സതീഷ് സെയിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്.

ബെംഗളൂരു: കർണാടകയിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണയ്ക്ക് ഇഡി നോട്ടീസ്. സതീഷ് കൃഷ്ണ സെയിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് 13ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഇഡി പണവും സ്വർണവും പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുമ്പയിര് കയ്യറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് പരിചിതനായ എംഎൽഎയാണ് സതീഷ് കെ സെയിൽ. നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു. 2024 ഒക്ടോബർ 26നാണ് എംഎൽഎമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തി. വിധിക്കെതിരെ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. 2024 നവംബറിൽ നടന്ന വാദം കേൾക്കലിൽ, ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് എംഎൽഎയുടെ ശിക്ഷാവിധി താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിച്ച് പിഴത്തുകയുടെ 25 ശതമാനം കെട്ടിവെക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

2010-ലാണ് എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്, പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കുറ്റപത്രം സമർപ്പിച്ചു. ആറ് എഫ്ഐആറുകളിലും എംഎൽഎയെ കുറ്റക്കാരനാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. 2009 - 10 കാലത്ത് കർണാടകയിൽ നടന്ന അനധികൃത ഖനനവും ഇരുമ്പയിര് കടത്തും സംബന്ധിച്ച് എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സെയ്‌ലിന്‍റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എട്ട് മാസത്തിനുള്ളിൽ 7.23 ലക്ഷം ടൺ ഇരുമ്പയിര് ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നാണ് സിബിഐയുടെ കണ്ടെത്തൽ.