ESIC-യുടെ ഭരണപരമായ ആവശ്യങ്ങൾ മാനിക്കുമ്പോഴും, നിലവിലെ നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റ (AGT) നയം നഴ്സുമാർക്ക് കടുത്ത വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായും, ഇത് ESIC ആശുപത്രികളിലെ ആരോഗ്യസേവനത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതായും നിവേദനത്തിൽ IPNA ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിലെ (ESIC) നഴ്സിംഗ് ജീവനക്കാർക്കുള്ള നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റ (AGT) നയം അടിയന്തരമായി പുനഃപരിശോധിച്ച് മാനുഷിക പരിഗണനയോടെ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ (IPNA) കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യക്ക് നിവേദനം സമർപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ESIC-യുടെ ഭരണപരമായ ആവശ്യങ്ങൾ മാനിക്കുമ്പോഴും, നിലവിലെ നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റ (AGT) നയം നഴ്സുമാർക്ക് കടുത്ത വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായും, ഇത് ESIC ആശുപത്രികളിലെ ആരോഗ്യസേവനത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതായും നിവേദനത്തിൽ IPNA ചൂണ്ടിക്കാട്ടി.

ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുകയും, കുടുംബങ്ങളെ വേർപെടുത്തുകയും, വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പരിചരണം ദുഷ്കരമാക്കുകയും ചെയ്യുന്നു. ഈ കടുത്ത വ്യക്തിപരമായ സമ്മർദ്ദം നഴ്സുമാരുടെ മാനസികാരോഗ്യത്തെയും ക്ലിനിക്കൽ തീരുമാനമെടുക്കലിനെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് രോഗിസുരക്ഷയ്ക്ക് ഭീഷണിയാകുകയും ESIC-യുടെ അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

ആരോഗ്യപ്രവർത്തകരുടെ അനാവശ്യ സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സ്ട്രാറ്റജിക് ഡയറക്ഷൻസ് ഫോർ നഴ്സിംഗ് ആൻഡ് മിഡ്‌ വൈഫറി 2021–2025 വ്യക്തമായി ശുപാർശ ചെയ്യുന്നതും നിവേദനം എടുത്തുകാട്ടുന്നു.

18 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളവർ, ഒറ്റ രക്ഷിതാവുള്ളവർ, ഭിന്നശേഷിക്കാരുടെ പരിചാരകർ, ഗുരുതര രോഗബാധിതർ എന്നിവരെ നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റ നിയമത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നും, പകരം, സ്വമേധയായുള്ള അപേക്ഷ, അനുകമ്പ, മെഡിക്കൽ ആവശ്യങ്ങൾ അല്ലെങ്കിൽ യഥാർത്ഥ കുടുംബപരമായ കാരണങ്ങളാൽ മാത്രം സ്ഥലംമാറ്റം നടപ്പാക്കണം. നഴ്സുമാരിൽ 90 ശതമാനത്തിലധികം സ്ത്രീകളായതിനാൽ, തൊഴിൽ സ്ഥിരതയും കുടുംബ ഉത്തരവാദിത്തങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സമീപനം AGT നയത്തിൽ ഉൾപ്പെടുത്തണം. കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകണമെന്ന 30.09.2009-ലെ DoPT ഉത്തരവും, സ്ത്രീസൗഹൃദ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കണമെന്ന ദേശീയ വനിതാ നയം 2016-ഉം IPNA ചൂണ്ടിക്കാട്ടി. അനുകമ്പ, ആരോഗ്യ കാരണങ്ങളാൽ സ്ഥലംമാറ്റത്തിന് ESIC നയത്തിൽ നിലവിൽ തന്നെ വ്യവസ്ഥയുണ്ടെന്നും അസോസിയേഷൻ ഓർമ്മിപ്പിച്ചു.

ഈ നയപരിഷ്കാരം നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാനും, മാനസിക സമ്മർദ്ധം ഒഴിവാക്കാനും, ESIC ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി, തൊഴിൽ മന്ത്രാലയ സെക്രട്ടറി, എൻ.കെ. പ്രേമചന്ദ്രൻ എം.പി., ESIC ഡയറക്ടർ ജനറൽ, മെഡിക്കൽ കമ്മീഷണർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

'നാരീശക്തി', 'വനിതാ ശാക്തീകരണം', 'കുടുംബക്ഷേമം', 'തൊഴിൽ-ജീവിത സന്തുലനം' എന്നീ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും, ഇൻഷ്വർ ചെയ്ത കോടിക്കണക്കിന് തൊഴിലാളികൾക്ക് ഗുണമേന്മയുള്ള രോഗിപരിചരണം ഉറപ്പാക്കുന്നതിനും AGT നയത്തിന്റെ സമയബന്ധിതമായ പുനരവലോകനം അനിവാര്യമാണെന്ന് IPNA വ്യക്തമാക്കി. കേന്ദ്ര സർക്കാരിൽ നിന്ന് ഉടൻ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.