അമേരിക്കയും ഇസ്രയേലും യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഐആർജിസിയുടെ മുതിർന്ന കമാൻഡറായ അഹമ്മദ് വാഹിദി പൊതുവേദികളിൽനിന്ന് അപ്രത്യക്ഷമായത്. ഫെബ്രുവരി എട്ടിനുശേഷം അദ്ദേഹം ഒരിടത്തും വന്നിരുന്നില്ല. യുദ്ധം രൂക്ഷമായതിന് പിന്നാലെ അഹമ്മദ് വാഹിദിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു.
ടെഹ്റാൻ: മാസങ്ങൾക്ക് ശേഷം പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ട് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്(ഐആർജിസി)ന്റെ മുതിർന്ന കമാൻഡർ ജനറൽ അഹമ്മദ് വാഹിദി. ടെഹ്റാനിൽ ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങുകളുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് ജനറൽ അഹമ്മദ് വാഹിദിയും പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു.
ഇറാനുനേരേ അമേരിക്കയും ഇസ്രയേലും യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഐആർജിസിയുടെ മുതിർന്ന കമാൻഡറായ അഹമ്മദ് വാഹിദി പൊതുവേദികളിൽനിന്ന് അപ്രത്യക്ഷമായത്. ഫെബ്രുവരി എട്ടിനുശേഷം അദ്ദേഹം ഒരിടത്തും വന്നിരുന്നില്ല. യുദ്ധം രൂക്ഷമായതിന് പിന്നാലെ അഹമ്മദ് വാഹിദിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു.
അതേസമയം, അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാന്റെ ശക്തമായ നിലപാടുകൾ ആസൂത്രണംചെയ്യുന്നതിന് പിന്നിൽ വാഹിദിയ്ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനേയിയുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നവരിൽ ഏറ്റവും പ്രധാനിയാണ് വാഹിദിയെന്നും പറയപ്പെടുന്നു.
മാസങ്ങളോളം പൊതുവേദികളിലൊന്നും വാഹിദിയെ കാണാതിരുന്നതോടെയാണ് ഇദ്ദേഹത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചത്. എന്നാൽ, ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട യോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ തന്നെ പുറത്തുവിടുകയായിരുന്നു. അലി ഖമനേയിയുടെ ഭൗതികശരീരത്തിനരികെ വാഹിദി ഏറെ ദുഃഖത്തോടെ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച മുതലാണ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ ആരംഭിക്കുന്നത്. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിലെ പൊതുദർശനത്തിന് ശേഷം ഇറാനിലെയും ഇറാഖിലെയും പുണ്യനഗരങ്ങളിലുടെ വിലാപയാത്ര കടന്നുപോകും. ജൂലായ് ഒൻപതിന് മഷാദിലാണ് കബറടക്കം.


