ശ്രീനഗര്‍:  യൂറോപ്യന്‍ പാര്‍ലമെന്‍റ്  അംഗങ്ങളുടെ സംഘം ജമ്മുകശ്മീരിലെത്തി.  കശ്മീര്‍ പുനസംഘനയ്ക്കു ശേഷം ഇതാദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം ഇവിടെയെത്തുന്നത്.  ജനപ്രതിനിധികളുമായും നാട്ടുകാരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ എംപിമാർക്ക് വിലക്കുള്ളപ്പോൾ വിദേശ സംഘത്തിന് സന്ദർശനാനുമതി നല്കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അതുല്യമായ ദേശീയത എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പ്രതിഷേധസൂചകമായി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യൻ പൗരന്മാരുടെ സന്ദർശന വിലക്ക് നീക്കണം എന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു.

 യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളായ 27 പ്രതിനിധികളാണ് കശ്മീര്‍ സന്ദര്‍ശന  സംഘത്തിലുള്ളത്.  തീവ്ര വലതുപക്ഷ നിലപാടുള്ള എംപിമാരാണ് ഇവരില്‍ പലരും.  കഴിഞ്ഞ ദിവസങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നേരെ നടന്ന ഗ്രെനേഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സന്ദര്‍ശന സ്ഥലങ്ങളിലൊരുക്കിയിരിക്കുന്നത്.  ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർ സംഘത്തിലുണ്ട്.  

Read Also: കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 19 പേര്‍ക്ക് പരിക്ക്

കശ്മീർ വിഷയത്തിൽ യൂറോപ്യൻ പാർലമെൻറിൽ നേരത്തെ പ്രത്യേക ചർച്ച നടന്നിരുന്നു. വിദേശപ്രതിനിധികളെ അനുവദിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ ഹൗസ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ  ഔദ്യോഗിക പ്രതിനിധി സംഘമല്ല ഇന്ത്യയിലെത്തിയിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ അംബാസഡർ വ്യക്തമാക്കി.

 ഇന്ത്യക്കാരെ തടഞ്ഞ് യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് അനുമതി നല്‍കിയത്  ഇന്ത്യന്‍ പാര്‍ലമെന്‍റിനോടുള്ള അനാദരവാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. .  'കശ്മീരില്‍ യൂറോപ്യന്‍ എംപിമാര്‍ക്ക് വിനോദസന്ദര്‍ശനത്തിനും ഇടപെടലുകള്‍ക്കും അനുമതിയുണ്ട്. പക്ഷേ, ഇന്ത്യന്‍ എംപിമാരെയും നേതാക്കളെയും കശ്മീര്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ തിരിച്ചയച്ചു. ഇതാണ് വിചിത്രവും അതുല്യവുമായ ദേശീയത. 'പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

Read Also: ജനാധിപത്യത്തെ അവഹേളിക്കുന്നു; വിമര്‍ശനവുമായി ശശി തരൂര്‍

പ്രതിപക്ഷ വിമർശനം ക്രിയാത്മകമല്ലെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. ചിലര്‍ കാര്യങ്ങളെ നെഗറ്റീവായി കാണുകയാണെന്നാണ് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞത്. ജമ്മുകശ്മീരില്‍ മനുഷ്യാവകാശം ഹനിക്കുന്നുവെന്ന പാകിസ്ഥാൻറെയും രാജ്യാന്തര മാധ്യമങ്ങളുടെയും പ്രചാരണം ചെറുക്കാനാണ് കേന്ദ്രസ‍ർക്കാരിന്‍റെ നീക്കമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. 

Read Also: ഭീകരവാദത്തോട് സഹിഷ്ണുതയില്ലെന്ന് പ്രധാനമന്ത്രി; യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം  കശ്മീരില്‍....