നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ, സ്ത്രീ വേഷം ധരിച്ച് പോലീസിനെ വെട്ടിച്ച ദയാശങ്കർ ചാവ്രിയ എന്ന പിടികിട്ടാപ്പുള്ളിയെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.
ജയ്പൂർ: നാല് മാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പൊലീസിനെ വലച്ച പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. 35 വയസുകാരനായ ദയാശങ്കർ ചാവ്രിയ ആണ് രാജസ്ഥാൻ പൊലീസിന്‍റെ പിടിയിലായത്. അന്വേഷണ സംഘത്തെ കബളിപ്പിക്കാൻ ദിവസങ്ങളോളം സ്ത്രീവേഷത്തിൽ സാരിയും ബ്ലൗസും ധരിച്ചാണ് ദയാശങ്കര്‍ നടന്നിരുന്നത്. സംശയം ഒഴിവാക്കാൻ ഇയാൾ കൈകളിലെ രോമം വാക്സ് ചെയ്ത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ലഖാരാ ബസാർ ഹരിജൻ ബസ്തി നിവാസിയായ ദയാശങ്കറിനെ ഫെബ്രുവരിയിൽ നടന്ന ഒരു ആക്രമണക്കേസിൽ പൊലീസ് തിരയുകയായിരുന്നു. ഇതോടെ പൊലീസിനെ വെട്ടിക്കാൻ ഇയാൾ ബ്ലൗസും പാവാടയും കഴുത്തിൽ മംഗല്യസൂത്രവും ധരിച്ചു. പൊലീസ് വീട്ടിലെത്തുമ്പോഴെല്ലാം ഇയാൾ മുഖം മറച്ച് ദയാശങ്കർ വീട്ടിലില്ലെന്ന് പറയുകയായിരുന്നു പതിവ്.
പിന്നീട് ഒരു പൊലീസ് ഇൻഫോർമർ ഇയാളുടെ തട്ടിപ്പിനെ കുറിച്ച് പൊലീസിന് വിവരം നൽകി. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി ചെറിയ മുടി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒടുവിൽ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച സാരി ധരിച്ച നിലയിൽത്തന്നെയാണ് ഇയാളെ വീട്ടിൽ നിന്ന് പുറത്തിറക്കിയത്, അപ്പോൾ ഇയാൾ മുഖം മറച്ചിരുന്നു. പീപ്ലി ഗലി നിവാസിയായ പ്രിൻസ് ചൗള എന്നയാളുടെ പരാതിയിലാണ് ദയാശങ്കറിനെതിരെ കേസെടുത്തത്.


