Asianet News MalayalamAsianet News Malayalam

'എല്ലാം പൂനെ പൊലീസ് കെട്ടിച്ചമച്ചത്'; ഭീമാ കൊറേഗാവ് കേസിൽ വൻ വെളിപ്പെടുത്തലുമായി അമേരിക്കൻ മാഗസീൻ

Bhima koregaon case ഭീമാ കൊറേഗാവ് കേസിൽ വൻ വെളിപ്പെടുത്തൽ നടത്തി അമേരിക്കൻ മാഗസീനായ വയേഡ്. കുറ്റാരോപിതർക്കെതിരായ ഡിജിറ്റൽ തെളിവുകൾ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബർ ഏജൻസികൾ കണ്ടെത്തിയതായാണ് വെളിപ്പെടുത്തൽ

Everything was fabricated by Pune police  American Magazine with big revelation in bhima koregaon case
Author
India, First Published Jun 18, 2022, 12:46 AM IST

ദില്ലി: ഭീമാ കൊറേഗാവ് കേസിൽ (Bhima koregaon case) വൻ വെളിപ്പെടുത്തൽ നടത്തി അമേരിക്കൻ മാഗസീനായ വയേഡ്. കുറ്റാരോപിതർക്കെതിരായ ഡിജിറ്റൽ തെളിവുകൾ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബർ ഏജൻസികൾ കണ്ടെത്തിയതായാണ് വെളിപ്പെടുത്തൽ. മലയാളിയായ ഹാനിബാബു അടക്കമുള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ മാത്രമാണ് ഉള്ളതെന്നിരിക്കെ നിർണായകമാണ് പുതിയ വിവരങ്ങൾ.

മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടാൻ എങ്ങനെയാണ് ഭരണകൂടം സൈബർ കുറ്റകൃത്യം നടത്തുന്നതെന്ന ആമുഖത്തോടെയാണ് ആൻഡി ഗ്രീൻബർഗ് നിർണായക വിവരങ്ങൾ വയേഡിൽ പങ്കുവയ്ക്കുന്നത്. ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണാ വിൽസന്റെ ലാപ് ടോപ്പ് പരിശോധിച്ച അമേരിക്കൻ സൈബർ ഫോറൻസിക് സ്ഥാപനമായ ആർസണൽ കൺസൾട്ടൻസി ലാപ്ടോപ്പിൽ വിവരങ്ങൾ അറസ്റ്റിനു ശേഷം കൃത്രിമമായി ചേർത്തത് ആണെന്ന വിവരം കഴിഞ്ഞ വർഷം പുറത്ത് വിട്ടിരുന്നു. 

Read more: ഭീമ കൊറേഗാവ് കേസ്; വരവര റാവുവിന്റെ ജാമ്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

സെൻറിനൽ വൺ എന്ന അമേരിക്കൻ സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ തുടർ അന്വേഷണത്തിലാണ് ഈ തെളിവുകൾ പൂനെ പോലീസ് തന്നെ സ്ഥാപിച്ചതാണെന്ന് കണ്ടെത്തിയത്. വരവര റാവുവിന്റെയും, റോണാ വിൽസന്റെയും, മലയാളി പ്രൊഫസർ ഹാനി ബാബുവിന്റെയും ലാപ്ടോപ്പുകൾ ഹാക്ക് ചെയ്തു. ഇവരുടെ ഇമെയിലുകളിൽ റിക്കവറി ഇമെയിലും ഫോൺ നമ്പറും പുറമെ നിന്ന് ചേർത്തിട്ടുണ്ട്.

ഇങ്ങനെ ചേർത്ത ഇമെയിൽ വിലാസം ഭീമാ കൊറേ ഗാവ് കേസുമായി ബന്ധപ്പെട്ട പൂനെ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. റിക്കവറി ഫോൺ നമ്പരും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഉപയോഗിക്കുന്നത്. പൂനെ പൊലിസിന്റെ വെബ്ഡയറക്ടറി അടക്കം പരിശോധിച്ചാണ് ഇത് ഉറപ്പാക്കിയത്. വാട്സ് ആപ് ഡിപിയിൽ വരവര റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത സമ്മേളന വേളയിൽ ഇയാളെടുത്ത ഒരു സെൽഫിയാണെന്നും കണ്ടെത്തി. 

Read more: ഇന്ത്യയിലേക്ക് കടത്താനെത്തിച്ച ഹെറോയിൻ പിടികൂടി, 7 ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ

സെന്റിനൽ വണ്ണിലെ ഗവേഷകരുടെ ഈ കണ്ടെത്തലെല്ലാം ആഗസ്റ്റിൽ അമേരിക്കയിൽ നടക്കുന്ന ബ്ലാക് ഹാറ്റ് സൈബർ സെക്യൂരിറ്റി കോൺഫറൻസിൽ പൂർണതോതിൽ അവതരിപ്പിക്കും. നിലവിൽ ഭീമാ കൊറേഗാവ് കേസ് എൻഐഎ ആണ് അന്വേഷിക്കുന്നതെങ്കിലും ആദ്യകാലത്ത് കേസന്വേഷിച്ച പുനെ പോലീസിനെതിരായ ഈ ഗുരുതരമായ ആരോപണങ്ങളിൽ മഹാരാഷ്ട്ര സർക്കാരിന് ഭാഗത്തുനിന്ന് എന്ത് നടപടി ഉണ്ടാകുമെന്നതും ശ്രദ്ധേയമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios