നിലവിൽ ഇറാനിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ദില്ലി: ഇറാൻ- ഇസ്രയേൽ സംഘർഷം ആരും ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രതികരണം. നിലവിൽ ഇറാനിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. അതിനിടെ, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്. ഇസ്രയേലിൻറെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു. അതേസമയം, ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി രംഗത്തെത്തി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡൻറ് തയ്യിബ് എർദോഗൻ വിമർശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുർക്കി പ്രസിഡൻറ് ആവശ്യപ്പെട്ടു. ഇസ്രയേൽ - ഇറാൻ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങവെ തുർക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ന് പുലർച്ചെയാണ് ഇറാനെതിരെ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയത്. ഇറാൻ വിപ്ലവസേനയുടെ തലവൻ അടക്കം ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തി. ഇറാൻ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണി ആയതിനാലാണ് ആക്രമണം എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണം എന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ഭീഷണി മുഴക്കിയിരുന്നു. തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയിൽ ഇസ്രയേലി നഗരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുയാണ്.



