പത്ത് മണിയോടെ വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടതിന് പിന്നാലെയാണ് സംഭവം. ദില്ലിയില്‍ ദിവസ വേതനക്കാരനായ രാജ്കുമാറിന്റെ വീടാണ് കത്തി നശിച്ചത്

ബാന്ധാ: വീടിനുള്ളില്‍ കയറിയ പാമ്പിന് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം അവസാനിച്ചത് വന്‍ ദുരന്തത്തില്‍. ആയുഷ്കാലത്തെ സമ്പാദ്യം മുഴുവനും വീടും കത്തി നശിച്ചു. ഉത്തര്‍ പ്രദേശിലെ ബാന്ധായിലാണ് സംഭവം. രാവിലെ പത്ത് മണിയോടെ വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടതിന് പിന്നാലെയാണ് സംഭവം. ദില്ലിയില്‍ ദിവസ വേതനക്കാരനായ രാജ്കുമാറിന്റെ വീടാണ് കത്തി നശിച്ചത്.

വീട്ടില്‍‌ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും സ്വര്‍ണവം പണവും അടക്കമുള്ളവ അഗ്നിക്കിരയായി. പുകയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നുവെന്നാണ് കുടുംബം വിശദമാക്കുന്നത്. രാജ്കുമാറിന്റെ ഭാര്യയും അഞ്ച് മക്കളുമാണ് ഈ ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. വീടിനകത്ത് പാമ്പിനെ കണ്ട കുടുംബം പുറത്തിറങ്ങി ചാണകം ഉപയോഗിച്ച് പുകയുണ്ടാക്കി പാമ്പിനെ പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

വീടിന് തീ പിടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വീട് നിലംപൊത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ഷിക വൃത്തിയില്‍ സജീവമായിരുന്ന കുടുംബം സൂക്ഷിച്ചിരുന്ന ധാന്യങ്ങളും പുനരുപയോഗിക്കാന്‍ സാധിക്കാത്ത രീതിയില്‍ കത്തിനശിച്ചിട്ടുണ്ട്.

അഗ്നിബാധയേക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ഫയര്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ ഇവിടെയെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴേയ്ക്കും വീട് കത്തി നശിച്ചിരുന്നു. സംഭവിച്ച നഷ്ടത്തിന്റെ കണക്കെടുക്കുകയാണെന്ന് റവന്യൂ വകുപ്പ് വിശദമാക്കി. സംഭവം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം