'ബിസിനസ് ആവശ്യത്തിന് പോകുകയാണെന്നാണ് പറഞ്ഞത്, ശത്രുക്കള്‍ ഉള്ളതായി അറിയില്ല, സത്യം പുറത്തുകൊണ്ടുവരണം'
സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്ന് സഹോദരൻ അശോകൻ ആവശ്യപ്പെട്ടു.

ദില്ലി: ദില്ലിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ്റെ മരണത്തിൽ പൊലീസ് സത്യം പുറത്തു കൊണ്ടുവരണമെന്ന് സുജാതൻ്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട്. എന്താണ് സംഭവിച്ചതെന്ന് അറിയണം. ബിസിനസ് ആവശ്യത്തിനായി ജയ്പൂരിൽ പോകുകയാണെനാണ് പറഞ്ഞതെന്നും അവർ വെളിപ്പെടുത്തി.സുജാതന് ശത്രുക്കൾ ഉള്ളതായി അറിയില്ല. സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്ന് സഹോദരൻ അശോകൻ ആവശ്യപ്പെട്ടു. സുജാതൻ്റെ മൃതദേഹം ഇന്നലെ ദില്ലിയിലെ പാർക്കിൽ കെട്ടിതൂക്കിയ നിലയിലാണ് കണ്ടെത്തിയത്.
ദില്ലി സാമൂഹ്യപ്രവര്‍ത്തകന്‍റെ മരണം
പി.പി സുജാതൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. ദില്ലിയിലെ ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഇന്നലെയാണ് ദ്വാരകയിൽ പാർക്കിൽ മൃതദേഹം കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ദില്ലിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതായിരുന്നു. ഇന്ന് ഉച്ചയോടെ വീടിനടുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം സുജാതൻ്റേതാണെന്ന് തിരിച്ചറിയുന്നത്.