ജയ്പൂർ: ഫാമിൽ നിന്ന് പേരയ്ക്ക് പറിച്ചതിന് ആറ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് ഉടമ. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. ഫാം ഉടമയും ഭാര്യയും ചേർന്നാണ് കുട്ടിയെ മർദ്ദനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ദൗസ ഭരണകൂടത്തോടും പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയ കേസെടുക്കുകയും പ്രതികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

"ഫാമിലെ മരത്തിൽ നിന്ന് പേരയ്ക്ക പറിച്ചതിന് ആറ് വയസ് പ്രായമുള്ള ആൺകുട്ടിയെ ഉടമ ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഞങ്ങൾ ഇക്കാര്യം അന്വേഷിച്ചപ്പോൾ ലാൽസോട്ട് പൊലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്താണ് സംഭവം നടന്നതെന്ന് കണ്ടെത്തി"-എസ്പി  പ്രഹ്ലാദ് കൃഷ്ണിയ പറഞ്ഞു.